• admin

  • February 27 , 2020

ന്യൂഡൽഹി :

രാജ്യ തലസ്ഥാനത്ത് സംഘർഷ സാധ്യതയുണ്ടെന്ന് ഡൽഹി പൊലീസിന് നേരത്തെ തന്നെ  സ്പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ്‌ മുന്നറിയിപ്പ് ലഭിച്ചതായി വിവരം. ഏറ്റവും കുറഞ്ഞത് ആറു മുന്നറിയിപ്പുകളെങ്കിലും പൊലീസിന് ലഭിച്ചിരുന്നെന്നാണ് റിപ്പോർട്ടുകൾ. ബിജെപി നേതാവ് കപിൽ മിശ്ര മൗജ്പുരിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിനു പിന്നാലെയാണ് സംഘർഷ സാധ്യതയുണ്ടെന്നും സേനയെ വിവിധ ഇടങ്ങളാലായി വിന്യസിക്കണമെന്നും കാണിച്ച് തുടരെ മുന്നറിയിപ്പുകൾ നൽകിയതെന്നാണ് റിപ്പോർട്ട്. 

ഞായറാഴ്ച ബിജെപി നേതാവ് കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിനു തൊട്ടുപിന്നാലെയാണ് വടക്കു കിഴക്കൻ ഡൽഹിയിൽ സംഘർഷം പൊട്ടി പുറപ്പെട്ടത്. പിറ്റേ ദിവസം തന്നെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിലേക്ക് കലാപം പടരുകയായിരുന്നു. കൃത്യസമയത്ത് പ്രവർത്തിക്കാൻ പൊലീസ് തയാറാകാത്തതാണ് കലാപം പടരാൻ കാരണമെന്നാണ് വ്യക്തമാകുന്നത്. പൊലീസിന്റെ അനാസ്ഥയെ ഇന്നലെ സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരും വിമർശിച്ചിരുന്നു. 

ഡൽഹിയിലെ വടക്കു കിഴക്കൻ ജില്ലകളിലേക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും സ്പെഷൽ ബ്രാഞ്ചും രഹസ്യാന്വേഷണ വിഭാഗവും വയർലെസ് സന്ദേശങ്ങൾ അയച്ചിരുന്നതായാണ് വിവരം. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവർ വൈകിട്ട് മൂന്നിന് മൗജ്പുർ ചൗക്കിൽ എത്തിച്ചേരണമെന്ന് ഫെബ്രുവരി 23 ന് ഉച്ചയ്ക്ക് കപിൽ മിശ്ര ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ആദ്യ മുന്നറിയിപ്പ് നൽകിയതെന്നാണ് വിവരം.

പിന്നീട് പ്രദേശത്ത് കല്ലേറ് തുടങ്ങിയപ്പോഴും കോളനികളിൽ ആൾക്കൂട്ടം ഒത്തുചേർന്നപ്പോഴും രണ്ടാമത്തെ മുന്നറിയിപ്പ് നൽകി. എന്നാൽ ഈ മുന്നറിയിപ്പുകളൊന്നും വകവയ്ക്കാതെ ആക്രമങ്ങൾക്ക് മൂകസാക്ഷികളാവുകയാണ് പൊലീസ് ചെയ്തത്. എന്നാൽ മുന്നറിയിപ്പുകൾക്ക് പിന്നാലെ എല്ലാ മുന്നൊരുക്കങ്ങളും എടുത്തിരുന്നെന്നാണ് പേരു വ്യക്തമാക്കാൻ ആഗ്രഹിക്കാത്ത പൊലീസ് ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോട് പറഞ്ഞത്. 

ബിജെപി നേതാവ് കപിൽ മിശ്രയുടെ പ്രകോപനപരമായ പ്രസംഗമാണു സംഘർഷത്തിലേക്കു വഴിതുറന്നതെന്നാണ് ആക്ഷേപം. ജാഫറാബാദ് ഉൾപ്പെടെയുള്ള റോഡുകളിൽ പ്രതിഷേധിക്കുന്നവരെ ഉടൻ ഒഴിപ്പിക്കണമെന്ന് അദ്ദേഹം ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. 3 ദിവസത്തിനുള്ളിൽ പ്രതിഷേധക്കാരെ ഒഴിപ്പിച്ചില്ലെങ്കിൽ തങ്ങൾ പൊലീസിന്റെ വാക്കുകൾക്കു ചെവികൊടുക്കില്ലെന്നായിരുന്നു ഭീഷണി.

‘പ്രതിഷേധക്കാർ ഡൽഹിയിൽ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണ്. ട്രംപ് ഇന്ത്യയിലുള്ളതു വരെ ഞങ്ങൾ ക്ഷമിക്കും. പൊലീസിനോട് എനിക്ക് പറയാനുള്ളതും അതു തന്നെയാണ്’– ഞായറാഴ്ച മൗജ്പുർ ട്രാഫിക് സിഗ്നലിനു സമീപം പൗരത്വ നിയമ അനുകൂലികളുടെ റാലിയിൽ മിശ്ര പറഞ്ഞു. ഡിസിപി വേദ് പ്രകാശ് സൂര്യയുടെ സാന്നിധ്യത്തിലായിരുന്നു കപിൽ മിശ്രയുടെ പ്രകോപനം.