• admin

  • February 8 , 2020

തിരുവനന്തപുരം : അര്‍ബുദത്താല്‍ പല തവണ നഷ്ടപ്പെടുമെന്ന് കരുതിയ സാഹചര്യത്തില്‍ നിന്ന് തിരിച്ചുപിടിച്ച ഈ ജീവിതത്തോട് നൂറുമടങ്ങ് പ്രണയമാണെന്ന് പ്രശസ്ത സിനിമാ താരം മംമ്ത മോഹന്‍ദാസ്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ കോവളം ഹോട്ടല്‍ ഉദയസമുദ്രയില്‍ നടന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് കാന്‍സര്‍ റിസര്‍ച്ചിന്റെ (ഐഎസിആര്‍) മുപ്പത്തിയൊന്‍പതാം വാര്‍ഷിക സമ്മേളനത്തില്‍ അര്‍ബുദത്തെ അതിജീവിച്ച തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ മുന്‍ അഡീഷണല്‍ ഡയറക്ടറായ ഡോ.എന്‍ ശ്രീദേവി അമ്മയ്ക്കും മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.പി കുസുമ കുമാരിക്കുമൊപ്പം വേദി പങ്കിടുകയായിരുന്നു മംമ്ത. ചികിത്സാ രീതികള്‍ വളരെ മുന്നേറിയിട്ടുള്ളതിനാല്‍ മുന്‍കാലങ്ങളില്‍ കരുതിയിരുന്നതുപോലെ അര്‍ബുദം കീഴടക്കാനാകാത്ത ഭീകരസത്വമല്ലെന്ന സന്ദേശമാണ് ഈ മൂന്നുപേരും പങ്കുവച്ചത്. പതിനൊന്ന് വര്‍ഷത്തിനു മുന്‍പ് ഒട്ടേറെ സിനിമാ തിരക്കുകളുണ്ടായിരുന്ന സമയത്താണ് അര്‍ബുദം ബാധിച്ചതെന്ന് മംമ്ത പറഞ്ഞു. അപ്പോള്‍ തനിക്ക് 24 വയസ്സായിരുന്നു. അര്‍ബുദം പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാനാകുന്ന പുതിയ ചികിത്സാ രീതികള്‍ വികസിപ്പിക്കുന്നതിന് മുന്‍പ് ജീവന്‍ നഷ്ടപ്പെട്ടവരെക്കുറിച്ച് പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. അര്‍ബുദത്തോട് മല്ലിട്ട് ജീവന്‍ നഷ്ടപ്പെട്ട വ്യക്തികളെ ഓര്‍ക്കുന്നു. നാം പോരാടേണ്ട ഒന്നല്ല അര്‍ബുദം. ഏത് തരത്തിലുള്ള അര്‍ബുദവും ഭേദമാക്കാവുന്നതാണെന്നും മംമ്ത ചൂണ്ടിക്കാട്ടി. അര്‍ബുദത്തെ കീഴടക്കാന്‍ ധൈര്യം കാണിക്കാന്‍ മുന്നോട്ട് വന്ന വ്യക്തികളോട് മംമ്ത നന്ദി പ്രകടിപ്പിച്ചു. അര്‍ബുദം മുന്‍ നിര്‍ണയിക്കുകയും കൃത്യമായ ചികിത്സ തേടുകയും ചെയ്താല്‍ പൂര്‍ണമായും ഭേദമാക്കാനാകും എന്നതിന് ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് താനെന്ന് മുതിര്‍ന്ന ഡോക്ടറായ ശ്രീദേവി അമ്മ പറഞ്ഞു. ഗര്‍ഭാശയമുഖ അര്‍ബുദവും സ്തനാര്‍ബുദവുമാണ് ഇന്ത്യയില്‍ കൂടുതലായി കണ്ടുവരുന്നത്. പ്രാരംഭ ഘട്ട ലക്ഷണങ്ങള്‍ അവഗണിച്ചിട്ട് രോഗം കൂടുതല്‍ വഷളാകുമ്പോഴായിരിക്കും ഡോക്ടറെ സമീപിക്കുക. താനും ആദ്യ ലക്ഷണങ്ങള്‍ അവഗണിച്ചിരുന്നുവെങ്കില്‍ ഇവിടെയുണ്ടാകുമായിരുന്നില്ലെന്നു അവര്‍ വ്യക്തമാക്കി. ആര്‍സിസി പോലുള്ള പ്രമുഖ സ്ഥാപനത്തില്‍ വിഭവങ്ങളും സാങ്കേതികവിദ്യയും പരിമിതപ്പെടുത്തിയിരുന്ന കാലത്തെ അപേക്ഷിച്ച് കുട്ടികളെ ചികിത്സിക്കുന്നതില്‍ വളരെയധികം മുന്നേറ്റമുണ്ടായിട്ടുണ്ടെന്ന് പ്രമുഖ പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഡോ. കുസുമകുമാരി അഭിപ്രായപ്പെട്ടു. പീഡിയാട്രിക് ഓങ്കോളജിയില്‍ വെല്ലുവിളികള്‍ തുടരും. അര്‍ബുദ ബാധിതരായ കുട്ടികളെ ചികിത്സിക്കാന്‍ ധാരാളം പണം ആവശ്യമാണ്. കുട്ടികളിലും കാന്‍സര്‍ വര്‍ദ്ധിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പ്രൊഫ. മക്‌സൂദ് സിദ്ദിഖിയായിരുന്നു ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. അര്‍ബുദത്തിലൂടെ കടന്നുപോയവരുടേയും പോരാടി തിരിച്ചുവന്നവരുടേയും അനുഭവങ്ങള്‍ കേള്‍ക്കുന്നത് അര്‍ബുദ ചികിത്സയുടെ ഒരു വശമാണെന്ന് ഐഎസിആര്‍ ഇപ്പോഴത്തെ പ്രസിഡന്റും ആര്‍ജിസിബി ഡയറക്ടറുമായ പ്രൊഫ. എം രാധാകൃഷ്ണ പിള്ള പറഞ്ഞു. 'അര്‍ബുദത്തിനെതിരെയുള്ള പോരാട്ടം നയിക്കുക' എന്ന പ്രമേയത്തിലൂന്നിയ സമ്മേളനത്തില്‍ രാജ്യത്തിനകത്തെയും പുറത്തെയും അര്‍ബുദ ഗവേഷകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, ബൗദ്ധികാവകാശ വിദഗ്ധര്‍ തുടങ്ങിയവരായിരുന്നു പങ്കെടുത്തത്.