പാലക്കാട് റെയ്ഡ് നാടകംതിരഞ്ഞെടുപ്പ് പരാജയം മുന്നില്‍കണ്ട്:മുസ്ലിം ലീഗ് വടകരയിലെ കാഫിര്‍ നാടകത്തിന്റെ രണ്ടാം എഡിഷന്‍

പാലക്കാട് റെയ്ഡ് നാടകംതിരഞ്ഞെടുപ്പ് പരാജയം മുന്നില്‍കണ്ട്:മുസ്ലിം ലീഗ് വടകരയിലെ കാഫിര്‍ നാടകത്തിന്റെ രണ്ടാം എഡിഷന്‍

കല്‍പ്പറ്റ : കൊടകര കുഴല്‍പ്പണ വിവാദത്തില്‍ സി.പി.എം – ബി.ജെ.പി രഹസ്യധാരണ പൊതുസമൂഹത്തിന് ബോധ്യമായതിന്റെ ജാള്യത മറികടക്കാനും കേരളത്തിലെ മൂന്നിടങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലെ പരാജയം മുന്നില്‍ കണ്ടുമാണ് പാലക്കാട്ടെ അര്‍ധരാത്രിയിലെ റെയ്ഡ് നാടകമെന്ന് മുസ്ലിം ലീഗ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച ബി.ജെ.പി സര്‍ക്കാര്‍ നടപടിക്ക് സമാനമാണ് പാലക്കാട്ടെ റെയ്‌ഡെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, സംസ്ഥാന സെക്രട്ടറിയും നിമയസഭ പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവുമായ ഡോ.എം.കെ മുനീര്‍, സെക്രട്ടറി യു.സി രാമന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊടകരയിലെ കുഴല്‍പ്പണക്കേസില്‍ സര്‍ക്കാര്‍ ബി.ജെ.പി ഒത്തുകളിയാണെന്ന് വെളിവായ സാഹചര്യത്തില്‍ പൊതുസമൂഹത്തിന് മുന്നിലുണ്ടായ ജാള്യത മറികടക്കാനാണ് കോണ്‍ഗ്രസിനെതിരെയുള്ള അര്‍ധരാത്രിയിലെ റെയ്ഡ് നാടകം. ഇത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. വനിതാ നേതാക്കളുടെ മുറി, മഫ്തിയിലെത്തി തുറപ്പിക്കാന്‍ പൊലീസിന് ധൈര്യം നല്‍കിയത് ആരാണെന്ന് അന്വേഷിക്കണം. അര്‍ധ രാത്രി തന്നെ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെ നേതാക്കള്‍ സംഭവസ്ഥലത്തെത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. റെയ്ഡ് തുടരാന്‍ ഇടതു എം.പി അടക്കം പൊലീസിനെ നിര്‍ബന്ധിക്കുന്ന സാഹചര്യമുണ്ടായി ഇത് ഗുരുതരമാണ്. അതേസമയം റെയ്ഡില്‍ എന്താണ് കണ്ടെത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നുമില്ല. വടകര പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പുറത്തിറക്കിയ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ രണ്ടാം പതിപ്പാണ് പാലക്കാട്ടെ റെയ്ഡ്. ഇതിന് വടകരയിലെ വോട്ടര്‍മാര്‍ നല്‍കിയ മറുപടി തന്നെ പാലക്കാട്ടുകാരും നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.കേരളത്തിലാകെ സി.പി.എം- ബി.ജെ.പി അന്തര്‍ധാര സജീവമാണ്. മോദി സര്‍ക്കാര്‍ ഇ.ഡിയെ ഉപയോഗിച്ച് നടത്തിയ രാഷ്ട്രീയം കേരളത്തില്‍ പൊലീസിനെ ഉപയോഗിച്ച് ആവര്‍ത്തിക്കുകയാണ് ഇടതുസര്‍ക്കാര്‍. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഒരാളും ഇല്ലാതെയും വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെയുമായിരുന്നു റെയ്‌ഡെന്ന പ്രഹസനം. കഴിഞ്ഞ എട്ടുവര്‍ഷം ഭരിച്ചിട്ടും ഏതെങ്കിലും ജനക്ഷേമ പദ്ധതികളോ നേട്ടങ്ങളോ എടുത്തുകാണിക്കാനില്ലാത്തത് കൊണ്ടാണ് ഇത്തരം നാടകങ്ങള്‍ നടത്തേണ്ട ഗതികേടിലേക്ക് സര്‍ക്കാരിന് പോവേണ്ടിവരുന്നതെന്നും ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിനെ എതിര്‍ക്കുമെന്നാണ് പുതിയ സി.പി.എം നയം. ഇത് ബി.ജെ.പിയെ സഹായിക്കാനാണ്. രാജ്യത്ത് മോദിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലാണ് രാഷ്ട്രീയമത്സരം. മറ്റുള്ളവര്‍ക്ക് പ്രസക്തിയില്ലാത്ത കാലമാണിത്. പൂരം കലക്കിയ ഉദ്യോഗസ്ഥനെ അതേക്കുറിച്ചുള്ള അന്വേഷണത്തിന് നിയമിക്കുന്ന ഇടതുസര്‍ക്കാര്‍ ബി.ജെ.പിയുമായി രഹസ്യധാരണയിലാണ്.മുനമ്പം വിഷയത്തില്‍ നാട്ടിലെ സൗഹാര്‍ദ്ദ അന്തരീക്ഷത്തിന് കോട്ടം തട്ടാത്ത തരത്തില്‍ വിഷയം പരിഹരിക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാരിന് താഴെയാണ് വഖഫ് ബോര്‍ഡ്. പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്നവര്‍ സംരക്ഷിക്കപ്പെടണമെന്നാണ് മുസ്ലീം ലീഗ് നിലപാട്. വിഷയത്തില്‍ മനുഷ്യര്‍ക്കിടയില്‍ സ്പര്‍ധയുണ്ടാവുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളെ നീട്ടിക്കൊണ്ടുപോവരുതെന്നും രാഷ്ട്രീയ മുതലെടുപ്പിന് ആരെയും അനുവദിക്കരുതെന്നും സര്‍ക്കാരിനോട് നേതാക്കള്‍ ആവശ്യപ്പെട്ടു. മുണ്ടക്കൈ ദുരന്തത്തിലടക്കം ഒരു സഹായവും നല്‍കാത്ത കേന്ദ്രത്തിനെതിരെ എന്തുകൊണ്ടാണ് ഇടതുസര്‍ക്കാര്‍ പ്രതിഷേധിക്കാത്തതെന്നും കേന്ദ്രത്തിനെതിരെ സര്‍ക്കാര്‍ സമരം നടത്തുകയാണെങ്കില്‍ അതിനെ മുസ്ലിം ലീഗ് പിന്നുണക്കുമെന്നും നേടാക്കള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ്, വൈസ് പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ, സെക്രട്ടറി കെ. ഹാരിസ് എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *