ജനങ്ങളുടെ സുഖത്തിലും ദുഖത്തിലും അവരോടൊപ്പം നിൽക്കുക, അവരുടെ ശബ്ദമാവുക : പ്രിയങ്ക ഗാന്ധി

ജനങ്ങളുടെ സുഖത്തിലും ദുഖത്തിലും അവരോടൊപ്പം നിൽക്കുക, അവരുടെ ശബ്ദമാവുക : പ്രിയങ്ക ഗാന്ധി

അരീക്കോട് : ജനങ്ങളുടെ ദുഖത്തിലും സുഖത്തിലും ഒരു പോലെ അവരോടൊപ്പം നിൽക്കുവാനും സാധാരണ മനുഷ്യരുടെ ശബ്ദമാവാനും യു. ഡി. എഫ്. പ്രവർത്തകരോട് ആഹ്വാനം ചെയ്ത് പ്രിയങ്ക ഗാന്ധി എം. പി. ഈ വർഷം വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും തുടർന്ന് നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും സജ്ജമാവാൻ യു.ഡി.എഫ്. പ്രവർത്തകരോട് ആഹ്വാനം. യു. ഡി. എഫ്. ബൂത്ത്‌ തല നേതൃസംഗമം എറനാട് നിയോജകമണ്ഡലത്തിൽ അരീക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. തനിക്ക് ലഭിച്ച വലിയ വിജയം കഴിഞ്ഞ അഞ്ചു വർഷം രാഹുൽ ഗാന്ധിക്ക് വേണ്ടിയും ഉപതിരഞ്ഞെടുപ്പിൽ തനിക്ക് വേണ്ടിയും താഴെ തട്ടിൽ പ്രവർത്തകർ നടത്തിയ കഠിന പ്രയത്നത്തിന്റെ ഫലമാണെന്നും അതിന് നേതൃത്വത്തോടും പ്രവർത്തകരോടും കടപ്പെട്ടിരിക്കുന്നു എന്നും പ്രിയങ്ക പറഞ്ഞു. ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിൽ സജീവമായി ഇടപ്പെട്ട് പരിഹാരം കണ്ടെത്താൻ പ്രവർത്തകർ ശ്രമിക്കണം. അതിന് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ താൻ ഉണ്ടാവുമെന്ന് അവർ പറഞ്ഞു. ചെറുതും വലുതുമായ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ട്. അത് തന്റെ ശ്രദ്ധയിൽ പെടുത്താനും താൻ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനും യാതൊരു സങ്കോചിവുമില്ലാതെ തന്നെ സമീപിക്കണം. ഒരു കുടുംബത്തിലെ അംഗമെന്ന പോലെ തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിക്കാനും വേറിട്ട പ്രവർത്തനങ്ങൾക്ക് നിർദേശങ്ങൾ നൽകുവാനും പ്രവർത്തകർ തയ്യാറാവണമെന്ന് അവർ ആവശ്യപ്പെട്ടു. വയനാട് ഉപതിരഞ്ഞെടുപ്പ് ഇത് വരെ അമേതിയിലും റായ്ബറേലിയിലും താൻ കണ്ട തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായിരുന്നു. തുടക്കത്തിൽ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും എല്ലാം പ്രവർത്തകർ നോക്കിക്കോളും താൻ പ്രചാരണത്തിൽ മാത്രം ശ്രദ്ധ ചെലുത്തിയാൽ മതിയെന്ന രാഹുൽ ഗാന്ധിയുടെ നിർദ്ദേശം അപ്പാടെ സ്വീകരിക്കുകയായിരുന്നു. അത് ശരിയാണെന്ന് തിരഞ്ഞെടുപ്പിലെ വലിയ ഭൂരിപക്ഷം തെളിയിച്ചു. അത് കൊണ്ട് തന്നെ ഈ വിജയത്തിന് തന്നെക്കാൾ അവകാശികൾ വീടുകൾ തോറും കേറി ഇറങ്ങി പ്രവർത്തിച്ച പ്രവർത്തകർ ആണെന്നും അവർ പറഞ്ഞു.എം. എൽ. എ. മാരായ പി. കെ. ബഷീർ, എ. പി. അനിൽ കുമാർ, ഡിസി. സി. പ്രസിഡന്റ് വി. എസ്. ജോയ്, കെ. പി. സി. സി. സെക്രട്ടറി കെ. പി. നൗഷാദ് അലി, ഡി. സി. സി. ജനറൽ സെക്രട്ടറി അജീഷ് എടേലത്ത്, യു. ഡി. എഫ്. നിയോജകമണ്ഡലം ചെയർമാൻ അബ്ദുള്ളക്കുട്ടി , കൺവീനർ ഗഫൂർ കരുമാടൻ, മുസ്ലിം ലീഫ് നിയോജകമണ്ഡലം സെക്രട്ടറി പി. പി. സഫറുള്ള, കെ. പീ. സി. സി. അംഗം എം. പി. മുഹമ്മദ്‌, ഡി. സി. സി. ജനറൽ സെക്രട്ടറി ഹാരിസ് ബാബു ചാലിയാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *