കൊച്ചി : ഭാവിയിലേക്കുള്ള കരുതലോടെ ജെയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ’ രണ്ടാം ദിനവും ആവേശകരമായ ചർച്ചകൾക്കും പ്രദർശനങ്ങൾക്കും സാക്ഷ്യം വഹിച്ചു. ഭരണകൂടം,സിനിമ,സ്ത്രീശാക്തീകരണം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖർ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു.
ഭരണം എന്നത് കേവലം കുറ്റകൃത്യങ്ങൾ ഇല്ലാതാക്കലല്ല,മറിച്ച് വിശ്വാസവും ഭയരഹിതമായ അന്തരീക്ഷവുമാണെന്ന് എഡിജിപി പി.വിജയൻ ഐപിഎസ് പറഞ്ഞു.സുരക്ഷ എന്നത് ഒരു സാമൂഹിക സംസ്കാരമായി വളരണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.നിങ്ങളുടെ ഉള്ളിലെ ശബ്ദത്തിനു കാതോർക്കൂ,സ്വന്തം സർഗ്ഗാത്മകതയെ പിന്തുടരൂ” എന്ന് യുവ സ്രഷ്ടാക്കളെ ആഹ്വാനം ചെയ്ത ചലച്ചിത്രകാരി അഞ്ജലി മേനോൻ,സിനിമയിൽ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
‘നായിക’ പാനൽ ചർച്ചയിൽ ഷൈനി,നസീറ അഹമ്മദ്,ഡോ.ശ്രീലക്ഷ്മിഎന്നിവർ തങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച കഥകൾ പങ്കുവെച്ചു.സന്തോഷം ലൈക്കുകളിലോ അക്കങ്ങളിലോ അല്ല,മറിച്ച് സമാധാനമായിരിക്കുന്നതിലാണെന്ന് രമേഷ് പിഷാരടി നിരീക്ഷിച്ചു.ഉപഭോക്തൃ നിയമങ്ങളിലെ സങ്കീർണ്ണതകൾ പരിഹരിക്കാൻ എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്ന് അഡ്വ. ഹരീഷ് വാസുദേവൻ നിർദ്ദേശിച്ചു.
വ്യക്തിഗത ബ്രാൻഡിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് ഷെഫ് പിള്ള സംസാരിച്ചപ്പോൾ, ഹൃദയം കവരുന്ന ബ്രാൻഡുകൾ എങ്ങനെ സൃഷ്ടിക്കാമെന്ന വിഷയത്തിൽ പ്രശസ്ത പരസ്യചിത്ര സംവിധായകൻ പ്രകാശ് വർമ്മ നടത്തിയ സെഷനും ഏറെ ശ്രദ്ധേയമായി.കുളവാഴയെ ഒരു വിപത്തായി കാണാതെ അതിൽ നിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള സാധ്യതകളെക്കുറിച്ച് ഡോ.നാഗേന്ദ്ര പ്രഭു സംസാരിച്ചു.’ആണ്‍ലോകത്തെ പെണ്‍ശബ്ദം’ എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ അബ്ഷിത പുത്തലത്ത്,അഷീന ഷാന്കളേഴ്സ്,ജെസ്ന എം, ആര്‍ജെ ജീന എന്നിവര്‍ പങ്കെടുത്തു.
വാഹനപ്രേമികളെ ആവേശത്തിലാഴ്ത്തി ആധുനിക സൂപ്പർ കാറുകളുടെയും ക്ലാസിക് കാറുകളുടെയും വമ്പൻ പ്രദർശനം അരങ്ങേറി. ഇലക്ട്രിക് വാഹനങ്ങളുടെ ടെസ്റ്റ് ഡ്രൈവും സമ്മിറ്റിന്റെ അവസാന ദിനമായ ഞായറാഴ്ച നടക്കാനിരിക്കുന്ന ‘ലൈവ് ഡ്രിഫ്റ്റ് ഷോ’യുമാണ് മേളയിലെ പ്രധാന ആകർഷണങ്ങൾ.പ്രദർശന നഗരിയിലെ ‘റോബോ വേഴ്സ്’,’ഗെയിം വേഴ്സ്’ സ്റ്റാളുകൾ സന്ദർശകരുടെ മനംകവർന്നു. 22 ഭാഷകൾ സംസാരിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടുകളും,അത്യാധുനിക ഡ്രൈവിംഗ് സിമുലേറ്ററുകളും ഭാവിയിലെ സാങ്കേതിക മുന്നേറ്റങ്ങളുടെ നേർക്കാഴ്ചയായി.
