മേപ്പാടി : മേപ്പാടി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും (ഡി.എം വിംസ്)കോഴിക്കോട്ടേയ്ക്കും തിരിച്ചും കെ.എസ്.ആർ.ടി.സി.ആരംഭിച്ച പുതിയ ബസ്സിന് മെഡിക്കൽ കോളേജ് അധികൃതരും യാത്രക്കാരും ചേർന്ന് സ്വീകരണം നൽകി.ചടങ്ങിൽ പ്രസ്തുത സർവ്വീസ് യാഥാർത്ഥ്യമാക്കാൻ മുൻകൈ എടുത്ത കെ.എസ്.ആർ.ടി.സി ജീവനക്കാരെ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ പൊന്നാട അണിയിച്ച് ആദരിച്ചു.ജനറൽ അഡ്മിനിസ്ട്രേഷൻ മേധാവി സൂപ്പി കല്ലങ്കോടൻ,ഡോ.എ.പി.കാമത്, ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ.ഷാനവാസ് പള്ളിയാൽ,കെ.എസ്.ആർ.ടി.സി ജീവനക്കാരായ ഇൻസ്‌പെക്ടർ കൃഷ്ണൻ,എ പി അനിൽകുമാർ,കെ ടി സലീം,അഷറഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഈ ബസ് സർവ്വീസ് ഉച്ചയ്ക്ക് 01:40-ന് കൽപ്പറ്റയിൽ നിന്നും പുറപ്പെട്ട് 02:20-ന് മെഡിക്കൽ കോളേജിൽ എത്തിച്ചേരും.തുടർന്ന് 03:10-ന് അവിടെ നിന്നും തിരിച്ച് വൈകുന്നേരം 06:05-ന് കോഴിക്കോട് എത്തും.മടക്കയാത്ര വൈകുന്നേരം 06:50-ന് കോഴിക്കോട് നിന്നും പുറപ്പെട്ട് രാത്രി 09:10-ന് കൽപ്പറ്റയിലും തുടർന്ന് 09:50-ഓടെ മെഡിക്കൽ കോളേജിൽ സർവ്വീസ് അവസാനിപ്പിക്കും.
അടുത്ത ദിവസം രാവിലെ 05:30-ന് മെഡിക്കൽ കോളേജിൽ നിന്നും പുറപ്പെടുന്ന ബസ് കല്പറ്റ വഴി 08:15-ന് കോഴിക്കോട് എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.ശേഷം 08:35-ന് അവിടെ നിന്നും തിരിച്ച് രാവിലെ 10:50-ഓടെ കൽപ്പറ്റയിൽ സർവീസ് പൂർത്തിയാക്കും.കോഴിക്കോട് ഭാഗങ്ങളിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് എത്തുന്ന രോഗികൾക്കും ജീവനക്കാർക്കും,വിദ്യാർത്ഥികൾക്കും ഏറെ പ്രയാസമുണ്ടാക്കിയിരുന്ന യാത്രാപ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാകും.
