കല്‍പ്പറ്റ : ഇടതുപക്ഷ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് വയനാടിനെ സംബന്ധിച്ച് തീര്‍ത്തും നിരാശജനകമാണെന്ന് അഡ്വ.ടി സിദ്ധിഖ് എം എല്‍ എ പറഞ്ഞു.വയനാടിനെ തീര്‍ത്തും അവഗണിച്ച ബജറ്റാണിത്.ഈ സര്‍ക്കാരിന്റെ ബജറ്റ് അടുത്ത സര്‍ക്കാര്‍ തുടരില്ലെന്നതാണ് ഏക ആശ്വാസം. കഴിഞ്ഞ ബജറ്റില്‍ വയനാടിനെ സംബന്ധിച്ച് ആകെയുണ്ടായിരുന്നത് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്തബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജനം കൊടുത്ത പണത്തില്‍ നിന്നും തുക വകയിരുത്തിയതായിരുന്നു. ഇത്തവണ സമ്പൂര്‍ണമായി തന്നെ വയനാടിനെ അവഗണിച്ചിരിക്കുകയാണ്.ജില്ലയുടെ കാര്‍ഷികമേഖലക്ക് ഈ ബജറ്റില്‍ ഒന്നുമില്ല. ജില്ലയിലെ ക്ഷീരമേഖല സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കാലിത്തീറ്റക്കുണ്ടായ ക്രമാധീതമായ വിലവര്‍ധന, പച്ചപ്പുല്ലിന്റെ വിലവര്‍ധന, വന്യമൃഗശല്യം എന്നിങ്ങനെ നിരവധിയായ പ്രശ്നങ്ങളില്‍ ക്ഷീരകര്‍ഷകര്‍ നട്ടം തിരിയുമ്പോള്‍ അവരെ സംരക്ഷിക്കുന്നതിനായി ഒന്നും ഈ സര്‍ക്കാര്‍ ബജറ്റില്‍ നീക്കി വെച്ചിട്ടില്ല. കര്‍ഷക കടാശ്വാസകമ്മീഷനില് ആയിരങ്ങളാണ് അപേക്ഷ നല്കി കാത്തിരിക്കുന്നത്.പലരും ജപ്തി ഭീഷണിയില്‍പ്പെട്ട് പ്രയാസപ്പെടുകയാണ്.എന്നാല്‍ അവര്‍ക്ക് അനുകൂലമായ ഒരു പ്രഖ്യാപനവും ഈ ബജറ്റിലുണ്ടായിട്ടില്ല.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വയനാടിന്റെ റെയില്‍വെ സ്വപ്നങ്ങള്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു.നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റെയില്‍പാതക്കായി ബജറ്റില്‍ പണം വകയിരുത്തി, സാധ്യതാപഠനത്തിന് നേതൃത്വം നല്കി, മുന്നോട്ടുപോകുമ്പോഴാണ് പിണറായി സര്‍ക്കാര്‍ മാറിയത്.അതോടെ ഈ പദ്ധതി തന്നെ നിശ്ചലമായി.വയനാടിന്റെ പ്രതീക്ഷയായ ഈ റെയില്‍വെയുമായി ബന്ധപ്പെട്ട് ഒരു പ്രഖ്യാപനവും ബജറ്റില്ല.വയനാട് മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ഒരു പരാമര്‍ശം പോലുമില്ലാതെ തീര്‍ത്തും നിരാശജനകമായാണ് ബജറ്റ് കടന്നുപോകുന്നത്. പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് സാധ്യതാപഠന റിപ്പോര്‍ട്ട് ഉള്‍പ്പെടെ ഉണ്ടായിട്ടും ഒരു രൂപ പോലും ബജറ്റില്‍ വകയിരുത്തിയില്ല.ആദിവാസിഗോത്ര ജനവിഭാഗങ്ങള്‍ക്കും കാര്യമായ പദ്ധതികളൊന്നും ബജറ്റില്ല.വയനാട്ടിലെ കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് വന്യമൃഗശല്യം.സംസ്ഥാനത്ത് ഏറ്റവമധികം വന്യമൃഗശല്യം നേരിടുന്ന ജില്ലയായിട്ടും അതിനെ പ്രതിരോധിക്കാന്‍ പ്രത്യേകപദ്ധതികളൊന്നും വയനാടിനില്ല.7000 കോടി രൂപയുടെ വയനാട് പ്രഖ്യാപിച്ചിട്ട് കേവലം നാമമാത്രമായ തുകയാണ് നല്‍കിവരുന്നത്. ഇങ്ങനെ പ്രഖ്യാപിച്ചാല്‍ എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലാവും ഏഴായിരം കോടി രൂപയാകുകയെന്നും അദ്ദേഹം ചോദിച്ചു.ജനങ്ങളെ കബളിപ്പിക്കുകയാണ് ഇത്തരം നാമമാത്രമായ തുകകളുടെ പ്രഖ്യാപനങ്ങളുടെ ലക്ഷ്യം.വിലക്കയറ്റം സാര്‍വത്രിക പ്രതിഭാസമാണ്.നിത്യോപയോഗ സാധനങ്ങള്‍ക്ക് ക്രമാധീനതമായ വര്‍ധനവാണുണ്ടാകുന്നത്.എന്നാല്‍ വിലക്കയറ്റത്തെ പ്രതിരോധിക്കാനുള്ള യാതൊരു നടപടിയും ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. കാലാവസ്ഥ വ്യതിയാനവും,ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രതിഭാസങ്ങള്‍ കൊണ്ട് ജനം വലിയ ബുദ്ധിമുട്ടും പ്രയാസങ്ങളുമാണ് അനുഭവിക്കുന്നത്. ഇതിനെ തടയാനും പ്രതിരോധിക്കാനുമുള്ള കാര്യങ്ങളില്‍ ബജറ്റ് നിശബ്ദമാണ്.ബജറ്റില്‍ പ്രഖ്യാപിക്കുന്ന 50 ശതമാനം പോലും നടപ്പിലാക്കാത്ത സര്‍ക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു.
ബദല്‍പാതകള്‍ മുന്നോട്ടുവെച്ചും കാര്‍ഷിക, വിനോദസഞ്ചാര ഗോത്രസമൂഹ മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ചും,വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണുന്നതിനും 2026ല്‍ യു ഡി എഫില്‍ അധികാരത്തിലെത്തിയാല്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
