കൊച്ചി : ‘പച്ചപ്പ് – സീയിങ്ങ് ദ വേള്‍ഡ് സസ്‌റ്റൈനബിളി’ എന്ന പ്രമേയത്തില്‍ സുസ്ഥിര ജീവിതശൈലിയുടെ പ്രാധാന്യത്തെക്കുറിച്ച് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2026-ന്റെ ഭാഗമായി ചര്‍ച്ച സംഘടിപ്പിച്ചു.ചര്‍ച്ചയില്‍ ലോക്കല്‍ സസ്‌റ്റൈനബിള്‍ ലിവിംഗിന്റെ സ്ഥാപകരായ നൗഫല്‍ മെഹബൂബ്, മുജീബ് ലത്തീഫ്, കേരള പോയിന്റ്സ് ഡയറക്ടര്‍ മിഥുന്‍ പുള്ളുമേട്ടേല്‍ എന്നിവര്‍ പങ്കെടുത്തു. സുസ്ഥിരത എന്നത് നിലവിലുള്ള സൗകര്യങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കലല്ലെന്നും,മറിച്ച് ആധുനിക സൗകര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രകൃതിക്ക് ഇണങ്ങുന്ന മാറ്റങ്ങള്‍ വരുത്തുകയാണ് വേണ്ടതെന്നും നൗഫല്‍ മെഹബൂബ് പറഞ്ഞു.ഇത്തരം രീതികളിലൂടെ വരുമാനവും കണ്ടെത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുസ്ഥിരത എന്നത് കേവലം പരിസ്ഥിതിയുമായി മാത്രം ബന്ധപ്പെട്ട ഒന്നല്ലെന്നും അതിന് കൃത്യമായ സാമ്പത്തിക-സാമൂഹിക പ്രസക്തിയുണ്ടെന്നും മുജീബ് ലത്തീഫ് അഭിപ്രായപ്പെട്ടു. ഓരോ വ്യക്തിയും സ്വന്തം പ്രവര്‍ത്തികള്‍ പ്രകൃതിയിലുണ്ടാക്കുന്ന ആഘാതം കുറയ്ക്കാന്‍ ശ്രമിക്കണമെന്നും ചെറിയ തിരുത്തലുകളിലൂടെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.മറ്റാരോ നമുക്കായി ഉല്‍പ്പാദിപ്പിക്കുന്നു എന്ന അപക്വമായ ബോധ്യത്തിലാണ് നാം ജീവിക്കുന്നതെന്ന് മോഡറേറ്ററായ മിഥുന്‍ പുള്ളുമേട്ടേല്‍ ഓര്‍മ്മിപ്പിച്ചു. എല്ലാവരും ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങണമെന്നല്ല,മറിച്ച് ഓരോരുത്തരും തങ്ങളാല്‍ കഴിയുന്ന രീതിയില്‍ ഉല്‍പ്പാദനത്തിന്റെ ഭാഗമാകാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.
