ഭാവിയെ നിർണ്ണയിക്കുന്ന് ഗവൺമെന്റ്,വിദ്യാഭ്യാസം, വ്യവസായം,പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നീ മേഖലകളുടെ പരസ്പര സഹകരണം:എസ് സുഹാസ് ഐ.എ.എസ്

ഭാവിയെ നിർണ്ണയിക്കുന്ന് ഗവൺമെന്റ്,വിദ്യാഭ്യാസം, വ്യവസായം,പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നീ മേഖലകളുടെ പരസ്പര സഹകരണം:എസ് സുഹാസ് ഐ.എ.എസ്

കൊച്ചി : ഇനിമുതൽ ഭാവിയെ നിർണ്ണയിക്കുന്നത് ഒറ്റപ്പെട്ട ചിന്താഗതികളല്ലെന്നും ഗവൺമെന്റ്,വിദ്യാഭ്യാസം,വ്യവസായം,പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നീ മേഖലകളുടെ പരസ്പര സഹകരണമായിരിക്കുമെന്നും സിയാൽ മാനേജിങ്ങ് ഡയറക്ടർ എസ് സുഹാസ് ഐഎഎസ്.കൊച്ചിയിൽ ജെയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2026ൽ എ വിഷൻ നെവർ സ്റ്റോപ്പ്സ് ഇവോൾവിംഗ് എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നാം ഇന്ന് സാക്ഷ്യം വഹിക്കുന്നത് വെറുമൊരു സാങ്കേതിക മാറ്റത്തിനല്ല,മറിച്ച് വ്യവസ്ഥാപിതമായ പരിവർത്തനത്തിനാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,ഡാറ്റ ഡ്രിവൺ ഡിസിഷൻ മേക്കിങ്ങ്,ഓട്ടോമേഷൻ എന്നിവ പരീക്ഷണഘട്ടത്തിലുള്ള സാങ്കേതികവിദ്യകളല്ല മറിച്ച് നമ്മുടെ ദൈനംദിന ജീവിതത്തെയും ഭരണസംവിധാനങ്ങളെയും നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങളായി മാറിക്കഴിഞ്ഞു.ഈ മാറ്റങ്ങളെ ഉൾക്കൊള്ളാൻ തയ്യാറെടുക്കുന്ന സമൂഹങ്ങൾക്കായിരിക്കും വരുംകാലത്ത് മുൻതൂക്കം ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യ,സുസ്ഥിരത,നൈപുണ്യം,സർക്കാർ നയങ്ങൾ എന്നിവ ഒത്തുചേരുന്ന സുപ്രധാനമായ ഒരു ഘട്ടത്തിലൂടെയാണ് ആഗോള വ്യോമയാന മേഖല കടന്നുപോകുന്നത്.ഈ മേഖലയിൽ ഇന്ന് എടുക്കുന്ന തീരുമാനങ്ങൾ വരും ദശകങ്ങളിലെ സാമ്പത്തിക കാര്യക്ഷമതയെയും പാരിസ്ഥിതിക ആഘാതങ്ങളെയും പൊതുജന യാത്രാനുഭവങ്ങളെയും സാരമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.ഈ ആഗോള മാറ്റങ്ങൾക്കിടയിൽ,ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ വളർച്ചാഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്.ഇന്ത്യൻ വ്യോമയാന മേഖലയുടെ വളർച്ചാ കണക്കുകൾ സൂചിപ്പിക്കുന്നത് 2030-ഓടെ രാജ്യത്തെ വാണിജ്യ വിമാനങ്ങളുടെ എണ്ണം 1300 കടക്കുമെന്നാണ്.ഇന്ന് ഇന്ത്യയിൽ 900-ൽ താഴെ വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നതെങ്കിൽ, അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഈ എണ്ണത്തിൽ വൻ വർധനവാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ പ്രതിവർഷം 17.5 കോടി മുതൽ 18 കോടി വരെയായിരുന്ന യാത്രക്കാരുടെ എണ്ണം ഈ ദശകം അവസാനിക്കുന്നതോടെ 30 കോടി കടക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

കേവലം യാത്രാകേന്ദ്രങ്ങൾ എന്നതിലുപരിയായി, സ്വയം പര്യാപ്തമായ ഊർജ്ജ ഉൽപ്പാദന കേന്ദ്രങ്ങളായി വിമാനത്താവളങ്ങൾ മാറുന്ന കാഴ്ചയാണ് നാം കാണുന്നത്.നിലവിൽ രാജ്യത്തെ 90-ലധികം വിമാനത്താവളങ്ങൾ പുനരുപയോഗ ഊർജ്ജം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. സുസ്ഥിര വികസനത്തിലേക്കും ഊർജ്ജ സുരക്ഷയിലേക്കുമുള്ള ഇന്ത്യയുടെ വലിയൊരു ചുവടുവെപ്പാണിത്.ഈ പുതിയ സമീപനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി നിലകൊള്ളുന്നത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളമായ സിയാൽ,തങ്ങൾക്കാവശ്യമായ ഊർജ്ജം ഉൽപ്പാദിപ്പിക്കുക മാത്രമല്ല,പ്രതിവർഷം 50 മെഗാവാട്ടിലധികം വൈദ്യുതി ഗ്രീഡിലേക്ക് നൽകുകയും ചെയ്യുന്നു.ഈ മാറ്റം വെറുമൊരു പ്രതീകാത്മകമായ നടപടിയല്ലെന്നും മറിച്ച് കൃത്യമായ പ്രവർത്തന യുക്തിയുടെ ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഭാവി വിഷയങ്ങൾ സംബന്ധിച്ച് ജയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന സമ്മിറ്റിന് വിജയശംസകളും അറിയിക്കുന്നതായും ഇവിടെ നടക്കുന്ന ചർച്ച​കൾ പുത്തൻ മാറ്റങ്ങൾക്ക് കരുത്ത് പകരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *