മാധ്യമരംഗത്ത് പ്രൊഫഷണൽ കരുത്തുമായി ഡബ്ല്യൂ.എൽ.എഫ്.അക്കാദമി’;ബ്രോഷർ പ്രകാശനം ചെയ്തു

മാധ്യമരംഗത്ത് പ്രൊഫഷണൽ കരുത്തുമായി ഡബ്ല്യൂ.എൽ.എഫ്.അക്കാദമി’;ബ്രോഷർ പ്രകാശനം ചെയ്തു

കൽപ്പറ്റ : ഇന്ത്യയിലെ ശ്രദ്ധേയമായ ഗ്രാമീണ സാഹിത്യോത്സവങ്ങളിലൊന്നായ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (WLF) കീഴിൽ പ്രൊഫഷണൽ മീഡിയ-വിഷ്വൽ സ്റ്റോറിടെല്ലിംഗ് പരിശീലനത്തിനായി രൂപീകരിച്ച ‘ ഡബ്ല്യ.എൽ.എഫ്.അക്കാദമി’യുടെ ഔദ്യോഗിക ബ്രോഷർ പ്രകാശനം ചെയ്തു.കൽപ്പറ്റ ജില്ലാ പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പ്രകാശന കർമ്മം നിർവഹിച്ചു.ഗ്രാമീണ മേഖലയിലെ യുവാക്കൾക്കും സ്ത്രീകൾക്കും മുൻഗണന നൽകിക്കൊണ്ട്,അവരെ ആധുനിക മാധ്യമ ലോകത്തെ പ്രൊഫഷണലുകളായി മാറ്റുക എന്നതാണ് അക്കാദമിയുടെ പ്രധാന ലക്ഷ്യം. വയനാടിന്റെ പ്രകൃതിഭംഗി പശ്ചാത്തലമാക്കി നടത്തുന്ന നേരിട്ടുള്ള (Physical) ക്ലാസുകളിലൂടെ മൾട്ടി ക്യാമറ പ്രൊഡക്ഷൻ മുതൽ എ.ഐ.ഫിലിം മേക്കിംഗ് വരെയുള്ള വൈവിധ്യമാർന്ന വിഷയങ്ങളിൽ സമഗ്രമായ പരിശീലനം അക്കാദമി ഉറപ്പുനൽകുന്നു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഏകോപിപ്പിച്ചുള്ള പരിശീലനം കേരളം,കർണാടക,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള മീഡിയ പ്രൊഡക്ഷൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ടാണ് അക്കാദമിയുടെ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്.മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുമുള്ള പഠിതാക്കൾക്ക് മികച്ച അവസരങ്ങളും ആഗോള നിലവാരത്തിലുള്ള പരിശീലനവും ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു.

പ്രധാന സവിശേഷതകൾ:

പരിശീലന മേഖലകൾ : വീഡിയോ ഫിലിം മേക്കിംഗ്, എഡിറ്റിംഗ്,ഡ്രോൺ ഓപ്പറേഷൻ,മൾട്ടി ക്യാമറ പ്രൊഡക്ഷൻ,ലൈവ് ബ്രോഡ്കാസ്റ്റിംഗ്,ഗ്രാഫിക് ഡിസൈൻ,കൂടാതെ നൂതനമായ എ.ഐ. അധിഷ്ഠിത ഫിലിം മേക്കിംഗ്.

പരിശീലന പങ്കാളികൾ : ന്യൂസ്‌റീൽ ഏഷ്യ (ന്യൂഡൽഹി),വീഡിയോ വൊളന്റീഴ്സ് (ഗോവ), ദ ന്യൂസ് മിനിറ്റ് (ബെംഗളൂരു),സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് (തിരുവനന്തപുരം), ഡബ്ല്യൂ.എൽ.എഫ്.ടീം (വയനാട്) തുടങ്ങി രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളാണ് അക്കാദമിയുമായി സഹകരിക്കുന്നത്.

സ്കോളർഷിപ്പ് :

മാധ്യമരംഗത്ത് പഠിക്കാൻ താൽപ്പര്യവും പ്രതിബദ്ധതയുമുള്ള അർഹരായ അപേക്ഷകർക്ക് 100 ശതമാനം വരെ ഫീസ് ഇളവ് (പൂർണ്ണ സ്കോളർഷിപ്പ്) ലഭ്യമാക്കും.WLF 2026-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചാണ് അക്കാദമിയുടെ സർട്ടിഫിക്കേഷനും പ്രായോഗിക പരിശീലനവും ക്രമീകരിച്ചിരിക്കുന്നത്.വരും തലമുറയിലെ കഥാകാരന്മാരെയും മാധ്യമപ്രവർത്തകരെയും ഗ്രാമീണ മേഖലകളിൽ നിന്ന് ഉയർത്തിക്കൊണ്ടുവരാൻ ഈ സംരംഭം വലിയൊരു വേദിയാകുമെന്ന് ചടങ്ങിൽ സംസാരിച്ചവർ വ്യക്തമാക്കി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ,ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്,സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ജിനി തോമസ് (വികസനകാര്യം),വി.എൻ ശശീന്ദ്രൻ (പൊതുമരാമത്ത്),സൽമ മോയി (ആരോഗ്യ-വിദ്യാഭ്യാസ കാര്യം),ഗിരിജ കൃഷ്ണൻ (ക്ഷേമകാര്യം), WLF ഡയറക്ടർ ഡോ.വിനോദ് കെ ജോസ്,എടവക ഡിവിഷൻ മെമ്പർ ജിൽസൺ തൂപ്പുംകര,എടവക പഞ്ചായത്ത് അംഗം ഷിൽസൺ മാത്യു,മറ്റു ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *