കല്‍പ്പറ്റ : ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയില്‍ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് ബ്രഹ്മഗിരിയിലെ മുന്ജീവനക്കാരന് നൗഷാദിന്റെ വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവമുള്ള വിഷയമാണെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് സംഷാദ് മരക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. രാജ്യദ്രോഹ കുറ്റമടക്കം ചുമത്താന്‍ കഴിയുന്ന രീതിയിലുള്ള കള്ളപ്പണം വെളുപ്പിച്ചെടുത്തത് സി.പി.എമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ്.ബ്രഹ്മഗിരിയിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ പൊലിസ് തയ്യാറാവണം. മന്ത്രി ഒ.ആര് കേളു അടക്കം ഇവിടെ ഡയറക്ടര്മാരാണെന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കൂട്ടുന്നതാണ്.പണം നഷ്ടപ്പെടതുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് പരാതികള്‍ ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ ഉണ്ടെങ്കിലും ഒരു പരാതിയില്‍ പോലും എഫ്.ഐ.ആറിട്ടിട്ടില്ല. കേസെടുക്കാതെ പരമാവധി ചൂഷണത്തിന് ഇരയായവരെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് പൊലിസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്.
ഇത് ആദ്യംമുതലേ പല സംശയങ്ങളും ജനിപ്പിച്ചിരുന്നു. ഏതെങ്കിലും ഒരു പരാതിയില്‍ എഫ്.ഐ.ആര് ഇട്ട് കേസുമായി പൊലിസ് മുന്നോട്ടുപോയാല്‍ സ്വാഭാവികമായി സാമ്പത്തിക കുറ്റകൃത്യം നിലനില്‍ക്കുന്നത് കൊണ്ട് ഇ.ഡിയുടെ അന്വേഷണത്തിന് സാധ്യത ഉണ്ടായിരുന്നു.ഇത് മനസിലാക്കി സര്‍ക്കാര്‍ തലത്തില്‍ സി.പി.എം നടത്തിയ സമ്മര്‍ദ്ദമാണ് കേസെടുക്കൃന്നതില് നിന്ന് പൊലിസിനെ പിന്തിരിപ്പിച്ചതെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്.നിലവില്‍ ഒരുപാട് പരാതികള്‍ കിട്ടിയിട്ടും നിയമപദേശം തേടുകയല്ലാതെ തുടര്‍നടപടികളിലേക്ക് പൊലിസ് കടന്നിട്ടില്ല. ഒന്നര വര്‍ഷത്തോളമായി നിയമോപദേശം തേടിക്കൊണ്ടിരിക്കുകയാണ് പൊലിസ്.കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന സുല്‍ത്താന്‍ ബത്തേരി ഉന്നത ബാങ്കിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സി.പി.എമ്മുമായി വളരെ അടുത്ത ബന്ധമുണ്ട്.ഒരു സഹകരണ സ്ഥാപനത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയെന്ന് ജീവനക്കാരന് തന്നെ പരസ്യമായി പറഞ്ഞിട്ടും സി.പി.എം നേതൃത്വം പ്രതികരിക്കാത്തത് അവര്‍ക്ക് ഇതിലുള്ള പങ്ക് വ്യക്തമാക്കുന്നതാണ്.വിഷയത്തില്‍ പൊലിസ് അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് ഇ.ഡിക്കടക്കം പരാതി നല്‍കുമെന്നും സംഷാദ് മരക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
