താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ഓണക്കാലത്ത് മണ്ണിടിച്ചിലുണ്ടായ ഒമ്പതാം വളവിന് മുകളിൽ വല വിരിച്ച് മണ്ണിടിച്ചിൽ ഭീഷണി തടയും.ഒമ്പതാം വളവിന് മുകളിലുള്ള നവീകരണ പ്രവൃത്തിയുടെ ഭാഗമായി ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ് കഴിഞ്ഞ ദിവസം വിളിച്ച ഓൺലെെൻ യോഗത്തിലാണ് തീരുമാനം.വയനാട് തുരങ്കപ്പാത നിർമ്മാണ ചുമതലയുള്ള ദിലീപ് ബിൽഡ് കോൺ കമ്പനിയെയാണ് വല കെട്ടി സുരക്ഷ ഉറപ്പാക്കാനുള്ള പ്രവൃത്തി ഏൽപ്പിച്ചിരിക്കുന്നത്.ചുരത്തിലെ നവീകരണ പ്രവൃത്തി കഴിയുന്നതുവരെ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിരോധനവും ഏർപ്പെടുത്തി.വാഹനങ്ങൾ ചുരത്തിൽ കുടുങ്ങുന്നതു പതിവാണ്.അതോടെ ഗതാഗതവും മുടങ്ങും.ഇത് പ്രവൃത്തിയെ ബാധിക്കാതിരിക്കാനാണ് നിയന്ത്രണം.
ചുരത്തിൽ വാഹനങ്ങൾ കേടാവുകയോ അപകടങ്ങൾ സംഭവിക്കുകയോ ചെയ്താൽ 9-ാം വളവ് കേന്ദ്രീകരിച്ച് ക്രെയിൻ സംവിധാനമൊരുക്കും. അടിയന്തര സാഹചര്യത്തിൽ സഹായത്തിനായി പൊലീസ്,ഫയർ ഫോഴ്സസ്,ജില്ലാ എമർജൻസി ഓപ്പറേഷൻ സെൻ്റർ എന്നിവയുടെ നമ്പർ ഉൾപ്പെടുത്തിയ ബോർഡുകൾ സ്ഥാപിക്കും. നവീകരണത്തിനു മുറിച്ചിട്ട മരങ്ങൾ നീക്കിക്കൊണ്ടിരിക്കുകയാണ്.ഇതിനിടെ മൾട്ടി ആക്സിൽ വാഹനങ്ങൾ വരുന്നത് ചുരത്തിൽ കുരുക്കിനും പ്രവൃത്തി തടസപ്പെടാനും ഇടയാക്കുന്നുണ്ട്.യോഗത്തിൽ താമരശ്ശേരി തഹസിൽദാർ സി.സുബൈർ,ജില്ലാ ഫയർ ഫോഴ്സസ് ഓഫിസർ അഷറഫ് അലി,ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ വി.കെ.ഹാഷിം,ജില്ലാ സോയിൽ കൺസർവേഷൻ ഓഫിസർ എം.രാജീവ്,ജില്ലാ ജിയോളജിസ്റ്റ് ഡോ.മഞ്ജു തുടങ്ങിയവർ പങ്കെടുത്തു.
