കല്‍പ്പറ്റ : കാര്‍ഷിക മേഖലയിലെ പദ്ധതികളുടെ നിര്‍വഹണത്തിലും സബ്‌സിഡി വിതരണത്തിലും കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കാര്യക്ഷമമായി ഇടപെടണമെന്നും കുടിശ്ശികകള്‍ ഉടന്‍ വിതരണം ചെയ്യണമെന്നും കേരള എഫ്.പി.ഒ,എഫ്.പി.സി. കണ്‍സോര്‍ഷ്യം വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. നിലവില്‍ വിവിധ പദ്ധതികളുടെ സബ്‌സിഡി തുക കുടിശ്ശികയുണ്ട്.ഇത് ഉടന്‍ വിതരണം ചെയ്യണം. വിളനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരവും വിള ഇന്‍ഷൂറന്‍സ് പദ്ധതിയിലെ കുടിശ്ശികയും കര്‍ഷകര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.വയനാട് ജില്ലയില്‍ കൃഷി അനുബന്ധ നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കണം.നിലവില്‍ കാര്‍ഷികോത്പാദക കമ്പനികള്‍ക്കും കര്‍ഷക താല്‍പര്യ സംഘങ്ങള്‍ക്കും അനുവദിച്ച പദ്ധതികളില്‍ സാമ്പത്തിക ആനുകൂല്യം നല്‍കാന്‍ ബാക്കിയുണ്ട്.
വയനാട്ടിലെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളുടെ ജില്ലാതല കമ്മറ്റി പ്രസിഡന്റായി പി.കെ.അച്ച്യുതനേയും സെക്രട്ടറിയായി സി.വി.ഷിബുവിനെയും ട്രഷററായി മുഹമ്മദ് അലിയെയും തിരഞ്ഞെടുത്തു.നെല്‍കര്‍ഷക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷികോത്പാദക കമ്പനികളെ ഉള്‍പ്പെടുത്തി പാഡി ക്ലസ്റ്ററും,കാപ്പി മേഖലയിലെ ഉള്ളവരെ ഉള്‍പ്പെടുത്തി കോഫി ക്ലസ്റ്ററും,നേന്ത്രവാഴ അനുബന്ധ സംഘടനകളെ ഉള്‍പ്പെടുത്തി ബനാന ക്ലസ്റ്ററും രൂപീകരിക്കാന്‍ തീരുമാനമായി.കോഫി ക്ലസ്റ്ററിന്റെ ചെയര്‍മാനായി ബ്രാന്‍ അലിയെ തിരഞ്ഞെടുത്തു.
സംസ്ഥാന പ്രസിഡന്റ് സാബു പാലാട്ടില്‍,സ്റ്റേറ്റ് കണ്‍സോര്‍ഷ്യം സി.ഇ.ഒ.സജി പി.യു,അനൂപ് രാമന്‍,ഷിംജിത്ത്,അഖില്‍രാജ്,ഉസ്മാന്‍,ജിപ്‌സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
