ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ജീവനക്കാരുടെ സമ്മാനം;‘ഹാപ്പി ലോങ്ങ് ലൈഫ്’ സൗജന്യ യാത്രാ കാർഡ് വിതരണം ആരംഭിച്ചു

ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ജീവനക്കാരുടെ സമ്മാനം;‘ഹാപ്പി ലോങ്ങ് ലൈഫ്’ സൗജന്യ യാത്രാ കാർഡ് വിതരണം ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘ഹാപ്പി ലോങ്ങ് ലൈഫ് സൗജന്യ കാർഡ് പദ്ധതി’യുടെ യാത്ര കാർഡ് വിതരണം ആരംഭിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു.കെഎസ്ആർടിസി നടപ്പിലാക്കുന്ന എട്ട് പ്രധാന പദ്ധതികളിൽ ഓന്നാണ് ‘ഹാപ്പി ലോങ്ങ് ലൈഫ് സൗജന്യ കാർഡ് പദ്ധതി’. ക്യാൻസർ രോഗവുമായി ബന്ധപ്പെട്ട് കീമോ, റേഡിയേഷൻ പോലുള്ള ചികിത്സകൾക്കായി യാത്ര ചെയ്യുന്നവർക്കാണ് ഈ സൗകര്യം ലഭിക്കുക.

ഈ പദ്ധതി കെഎസ്ആർടിസി ജീവനക്കാർ ഈ സമൂഹത്തിലെ രോഗികൾക്ക് നൽകുന്ന സമ്മാനമാണ് എന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.ഇതൊരു പാസ് അല്ല, ഓസ് അല്ല, ഔദാര്യമല്ല,മറിച്ച് കെഎസ്ആർടിസി അതിന്റെ മികവിനൊപ്പം ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനമാണ്.കാർഡിൽ ‘രോഗി’ എന്ന തോന്നൽ ഉണ്ടാകാൻ പാടില്ല എന്നതിനാൽ,അതിൽ ‘ഹാപ്പി ലോങ്ങ് ലൈഫ്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.സാധാരണക്കാർക്ക് ക്യാൻസർ ബാധിക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തികമായ തകർച്ചയും യാത്രാക്ലേശവും ലഘൂകരിക്കുന്നതിനാണ് ഈ പദ്ധതി എന്നും മന്ത്രി വ്യക്തമാക്കി.

സൗജന്യ യാത്രാ കൺസഷൻ സൂപ്പർമാസ് ബസ്സുകൾ മുതൽ താഴോട്ടുള്ള വണ്ടികളിൽ ലഭിക്കും. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക.ഡോക്ടർ സർട്ടിഫിക്കറ്റ് വാങ്ങിച്ച് ഓൺലൈനായി അപ്‌ലോഡ് ചെയ്യണം.അപേക്ഷകർ ഒരു ഓഫീസിലും കയറി ഇറങ്ങേണ്ടതില്ല.ബസ് സ്റ്റാൻഡിൽ നിന്ന് ഏതെങ്കിലും സന്മനസ്സുള്ള കെഎസ്ആർടിസി ജീവനക്കാർ ഈ കാർഡ് പേഷ്യന്റിന്റെ വീട്ടിൽ കൊണ്ടുപോയി കൊടുക്കും. കാർഡ് ആവശ്യത്തിനല്ലാതെ ഉപയോഗിച്ചാൽ അത് ഓട്ടോമാറ്റിക്കായി ഇൻവാലിഡ് ആകും.പദ്ധതിയുടെ ഭാഗമായി നിലവിൽ രണ്ട് പേർക്കാണ് കാർഡ് കൈമാറിയിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *