സോളാർ ഫെൻസിംഗ് അറ്റകുറ്റപ്പണി വനംവകുപ്പ് ഏറ്റെടുക്കുന്നു;1500 ജീവനക്കാർക്ക് പരിശീലനം

സോളാർ ഫെൻസിംഗ് അറ്റകുറ്റപ്പണി വനംവകുപ്പ് ഏറ്റെടുക്കുന്നു;1500 ജീവനക്കാർക്ക് പരിശീലനം

തിരുവനന്തപുരം : സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി, തകരാറിലാകുന്ന സോളാർ ഫെൻസിംഗുകളുടെ അറ്റകുറ്റപ്പണികൾ ഇനി മുതൽ വനംവകുപ്പ് ജീവനക്കാർ നേരിട്ട് നടത്തും.കരാറുകാരെ ആശ്രയിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കി അടിയന്തരമായി വേലികൾ പുനഃസ്ഥാപിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഇതിനായുള്ള ആദ്യഘട്ട പരിശീലനം സംസ്ഥാന വ്യാപകമായി പൂർത്തിയായി.

ആദ്യഘട്ടത്തിൽ 1500 ജീവനക്കാർക്കാണ് പരിശീലനം നൽകിയത്.ഇവർ ഓരോ ഫോറസ്റ്റ് സ്റ്റേഷനുകളിലെയും മറ്റ് ജീവനക്കാർക്ക് പരിശീലനം നൽകും.വേലികൾ നന്നാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനായി സ്റ്റേഷനുകളിൽ പ്രത്യേക ടൂൾ റൂമുകളും സ്ഥാപിക്കും.ഇതോടെ തകരാറുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പരിഹരിക്കാൻ സാധിക്കും.

നിലവിൽ കാൽനടയായി പട്രോളിംഗ് നടത്തിയാണ് ഫെൻസിംഗിലെ തകരാറുകൾ കണ്ടെത്തുന്നത്. ഈ രീതിക്ക് പകരമായി, സിം കാർഡ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ‘സ്മാർട്ട് ഫെൻസിംഗ്’ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നുണ്ട്.നോർത്ത് വയനാട് ഡിവിഷനിൽ ആരംഭിച്ച ഈ പദ്ധതി വിജയകരമായാൽ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് വകുപ്പിന്റെ തീരുമാനം.

വനംവകുപ്പിന്റെ കണക്കനുസരിച്ച്,സംസ്ഥാനത്ത് 4500 കിലോമീറ്റർ സോളാർ ഫെൻസിംഗ് സ്ഥാപിച്ചാൽ വന്യജീവി ആക്രമണം വലിയ തോതിൽ കുറയ്ക്കാനാകും.ഇതിനോടകം 2500 കിലോമീറ്റർ ഫെൻസിംഗ് പൂർത്തിയാക്കി.800 കിലോമീറ്ററിലെ നിർമ്മാണം പുരോഗമിക്കുകയാണ്.ബാക്കിയുള്ള ഭാഗത്ത് വേലി സ്ഥാപിക്കുന്നതിനുള്ള വിശദമായ പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *