തിരുവനന്തപുരം : കൊല്ലവർഷം 1201 ലെ ശബരിമല മേൽശാന്തിയായി പ്രസാദ് ഇ.ഡിയെയും മാളികപ്പുറം മേൽശാന്തിയായി മനു നമ്പൂതിരി എം.ജി യേയും തിരഞ്ഞെടുത്തു. തുലാമാസം ഒന്നിന് ഉഷപൂജയ്ക്ക് ശേഷം സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുത്തത്. നിയുക്ത ശബരിമല മേൽശാന്തി പ്രസാദ് ഇ.ഡി തൃശ്ശൂർ, ചാലക്കുടി,വാസുപുരം മറ്റത്തൂർകുന്ന് സ്വദേശിയാണ്.നിയുക്ത മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി എം.ജി കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് സ്വദേശിയാണ്.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ.പി.എസ് പ്രശാന്ത്,ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ,ഹൈക്കോടതി നിരീക്ഷകൻ ടി.ആർ രാമചന്ദ്രൻ നായർ ദേവസ്വം കമ്മീഷൻ ബി.സുനിൽകുമാർ എന്നിവർ നറുക്കെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.എ.അജികുമാർ,അഡ്വ.പി.ഡി സന്തോഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.കശ്വപ് വർമ്മ എന്ന ആൺ കുട്ടിയാണ് ശബരിമല മേൽശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുത്തത്.മൈഥിലി.ആർ.വർമ്മ എന്ന പെൺകുട്ടി മാളികപ്പുറം മേൽശാന്തിയെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുത്തു.
