സുല്‍ത്താന്‍ ബത്തേരി : വാളവയല്‍ ,അതിരാറ്റുകുന്ന്,പുളിഞ്ഞാല്‍ ഗവ.സ്കൂളുകളില്‍ അടിയന്തരമായി യു പി വിഭാഗത്തില്‍ ആവശ്യമായ അധ്യാപകരെ നിയമിക്കണമെന്ന് ഐ സി ബാലകൃഷ്ണന് എം എല്‍ എ ആവശ്യപ്പെട്ടു.ജില്ലയിലെ മൂന്നു സ്കൂളുകളില്‍ യു പി വിഭാഗത്തില്‍ പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്ത സാഹചര്യമാണുള്ളത്.കുട്ടികളുടെ ദുരിതം ഒഴിവാക്കാനായി രക്ഷിതാക്കള്‍ പണം പിരിച്ച് അധ്യാപകരെ നിയമിച്ച അവസ്ഥയാണ് നിലവിലുള്ളത്.വാളവയല്‍ ഗവ.സ്കൂള്‍ ഈ അടുത്തിടെയാണ് അപ്ഗ്രേഡ് ചെയ്ത് യു പി വിഭാഗം കൂടി ഉള്‍പ്പെടുത്തിയത്.എന്നാല്‍ ഈ സ്കൂളില്‍ അധ്യാപകരില്ലാത്തതിനാല്‍ രക്ഷിതാക്കള്‍ സ്വന്തം കൈയ്യില്‍ നിന്നും പണമെടുത്ത് രക്ഷിതാവിനെ തന്നെ താത്ക്കാലിക അധ്യാപികയായി നിയമിച്ചിരിക്കുകയാണ്.അതിരാറ്റുകുന്ന്,പുളിഞ്ഞാല്‍ എന്നി രണ്ട് സ്കൂളുകളിലും ഒരു താത്കാലിക അധ്യാപിക മാത്രമാണുള്ളത്.
എല്‍ പി സ്കൂളിലെ അധ്യാപകരാണ് ഇവരെ സഹായിക്കുന്നത്.ആദിവാസി വിഭാഗത്തില്‍പെട്ട നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളുകളാണിത്.അധ്യാപകരെ നിയമിക്കുന്നതിനും തസ്തിക സൃഷ്ടിക്കുന്നതിനുമായി ഇടപെടലുകള്‍ നടത്തിയിരുന്നു.എന്നാല്‍ അവസാന നിമിഷം ധനവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നില്ല. ഇതില്‍ റാങ്ക് ലിസ്റ്റില്‍ ഉള്പ്പെട്ടവരുമുണ്ടായിരുന്നു.എന്നാല്‍ അവരുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഈ മാസം ഒമ്പതിന് അവസാനിക്കുകയാണ്.അധ്യാപകരില്ലാത്ത ഗവ.സ്കൂള്‍ എന്നത് കേരളത്തിനെ സംബന്ധിച്ച് അപമാനകരമാണ്.കുട്ടികളുടെ ഭാവി അനിശ്ചിതത്തില്‍ ആകുന്ന ഈ സംഭവത്തില്‍ ഇടപെട്ടു വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട എം എല്‍ എ ഈ വിഷയം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നേരത്തെ കത്തു നല്‍കിയിരുന്നുവെന്നും വ്യക്തമാക്കി.