കൽപ്പറ്റ : സംസ്ഥാനത്തെ ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും ഭൂമിയും ഉപാധിരഹിത പട്ടയവും അനുവദിക്കണമെന്ന് ആദിവാസി ക്ഷേമ സമിതി(എകെഎസ്) സംസ്ഥാന കൺവൻഷൻ ആവശ്യപ്പെട്ടു.10 വർഷംകൊണ്ട് സംസ്ഥാന സർക്കാർ നാല് ലക്ഷത്തോളം പട്ടയം അനുവദിച്ചു. ആദിവാസികൾക്കുള്ള ഭൂ വിതരണത്തിലും വലിയ മുന്നേറ്റമുണ്ടായി.ഇനിയും ഭൂമിയില്ലാത്തവർ നിരവധിയാണ്.വിവിധ കേന്ദ്രങ്ങളിൽ കുടിൽകെട്ടി സമരം ചെയ്യുന്ന ആദിവാസികൾക്ക് ഭൂമിയും പട്ടയവും അനുവദിക്കണം.വയനാട്ടിലെ മരിയാട് എസ്‌റ്റേറ്റ് ഭൂമി പട്ടികവർഗക്കാർക്ക് പതിച്ചുനൽകണം.എസ്‌സി–എസ്‌ടി സഹകരണ ഫെഡറേഷൻ വിഭജിച്ച് എസ്‌ടി സഹകരണ ഫെഡറേഷൻ രൂപീകരിക്കുക, വിദ്യാലയങ്ങളിലെ മെന്റർ അധ്യാപകരുടെ വേതനം വർധിപ്പിച്ച് സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങളും കൺവൻഷൻ ഉന്നയിച്ചു.
എകെഎസ് സംസ്ഥാന പ്രസിഡന്റ് മന്ത്രി ഒ ആർ കേളു പതാക ഉയർത്തി.സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ രാധാകൃഷ്‌ണൻ എംപി ഉദ്‌ഘാടനംചെയ്തു.ഒ ആർ കേളു അധ്യക്ഷനായി. പി വാസുദേവൻ രക്തസാക്ഷി പ്രമേയവും കെ മോഹനൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എകെഎസ് മുൻ സംസ്ഥാന സെക്രട്ടറി കെ സി കുഞ്ഞിരാമനെ കെ രാധാകൃഷ്‌ണൻ എംപി ആദരിച്ചു.സംസ്ഥാന സെക്രട്ടറി ബി വിദ്യാധരൻ കാണി റിപ്പോർട്ട് അവതരിപ്പിച്ചു.51 അംഗ സംസ്ഥാന കമിറ്റി രൂപീകരിച്ചു.ഭാരവാഹികളെയും തെരഞ്ഞെടുത്തു.നാനൂറോളം പ്രതിനിധികൾ കൺവൻഷനിൽ പങ്കെടുത്തു.സംഘാടക സമിതി ചെയർമാൻ സി കെ ശശീന്ദ്രൻ സ്വാഗതവും പി കെ വിജയകുമാർ നന്ദിയും പറഞ്ഞു.പൊതുസമ്മേളനം മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനംചെയതു.പി വാസുദേവൻ അധ്യക്ഷനായി.ബി വിദ്യാധരൻ കാണി, പി കെ വിജയകുമാർ,സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് എന്നിവർ സംസാരിച്ചു. സി കെ ശശീന്ദ്രൻ സ്വാഗതവും പി വിശ്വനാഥൻ നന്ദിയും പറഞ്ഞു.പ്രകടനവുമുണ്ടായി.