ഡൽഹി : ചെക്ക് മടങ്ങിയ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പുതിയ മാർഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി.നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ്സ് ആക്‌ട് (കൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം),138ആം വകുപ്പ് പ്രകാരമുള്ള കേസുകളിലെ വർദ്ധനവ് കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ ഉത്തരവ്.ഇത്തരം നിരവധി കേസുകള്‍ രാജ്യത്ത് കെട്ടിക്കിടക്കുകയാണ്.ആറ് ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയ കേസില്‍ പ്രതിയെ വെറുതെവിട്ട ബോംബെ ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.ചെക്ക് ഒപ്പിട്ട് നല്‍കിയാല്‍ അത് നിയമപരമായി സാധുവാകുമെന്ന് കോടതി വ്യക്തമാക്കി.ചെക്ക് ഒപ്പിട്ടുകൊടുക്കുന്നയാള്‍ സ്വീകരിക്കുന്നയാള്‍ക്ക് കടക്കാരനാവുമെന്ന് അനുമാനിക്കണം.അങ്ങനെയല്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം പ്രതിയ്ക്കാണ്.കീഴ്‌ക്കോടതികളുടെ വിധിയില്‍ പ്രകടമായ പിഴവുകളില്ലെങ്കില്‍ ഹൈക്കോടതികള്‍ അതില്‍ ഇടപെടരുതെന്നും കോടതി നിരീക്ഷിച്ചു.
ചെക്ക് കേസുകളുമായി ബന്ധപ്പെട്ട് മറ്റ് പല മാർഗ്ഗനിർദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചു. പരാതികള്‍ സമർപ്പിക്കുമ്ബോള്‍ പുതിയ സിനോപ്സിസ് ഫോർമാറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഇത് കോടതി നടപടികള്‍ എളുപ്പത്തിലാക്കാൻ സഹായിക്കും.പണം നല്‍കാനുള്ളയാളുടെ ബാധ്യത ഓണ്‍ലൈൻ പേയ്മെന്റ് ലിങ്കുകളിലൂടെ നിറവേറ്റിയാലും സാധുവാണ്.നേരിട്ട് ബാങ്ക് അക്കൗണ്ടുകള്‍ വഴി നല്‍കണമെന്നില്ല.ഇത്തരം കേസുകളിലെ കോമ്ബൗണ്ടിംഗ് ഫീസ് പരിഷ്കരിച്ചു. കേസ് കോടതിയില്‍ തീർപ്പാക്കുമ്ബോള്‍ അടയ്‌ക്കേണ്ട പിഴത്തുകയിലും മാറ്റമുണ്ട്. കേസ് ഏത് ഘട്ടത്തിലാണ് ഒത്തുതീർപ്പാക്കുന്നത് എന്നതനുസരിച്ച് പിഴത്തുക ആകെ തുകയുടെ 5% മുതല്‍ 10% വരെയാകാം.