പി എഫ് തുക ജനുവരി മുതൽ എടിഎമ്മിലൂടെ പിൻവലിക്കാം

ഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അംഗങ്ങൾക്ക് സന്തോഷ വാർത്ത.എടിഎമ്മുകൾ വഴി പിഎഫ് പണം പിൻവലിക്കാനുള്ള സൗകര്യം 2026 ജനുവരി മുതൽ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്.ഈ വർഷം മാർച്ചിൽ,നടപ്പാക്കാനിരിക്കുന്ന ഇപിഎഫ്ഒ 3.0 ഇപിഎഫ്ഒ സംവിധാനത്തെ ഒരു ബാങ്ക് പോലെ ലഭ്യമാക്കുമെന്നും എടിഎമ്മുകൾ വഴി പിഎഫ് പണം പിൻവലിക്കാൻ സഹായിക്കുമെന്നും കേന്ദ്ര തൊഴിൽ,തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു എ ടി എം പിൻവലിക്കൽ സൗകര്യം അനുവദിക്കുന്നതിനുള്ള നിർദേശത്തിന് ഇപിഎഫ്ഒയുടെ ഉന്നത തീരുമാനമെടുക്കൽ സമിതിയായ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) അടുത്ത ബോർഡ് മീറ്റിങ്ങിൽ അംഗീകാരം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി മണികൺട്രോൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്ത മാസം ആദ്യ പകുതിയോടെയായിരിക്കും യോഗം നടക്കുക.ഈ സംവിധാനം നടപ്പിലാക്കുന്നതോടെ പണം പിൻവലിക്കാൻ ഇനി ഓൺലൈൻ ക്ലെയിം സമര്‍പ്പിക്കേണ്ടതില്ല.ക്ലെയിം അംഗീകരിക്കാനുള്ള നീണ്ട കാത്തിരിപ്പ് അവസാനിക്കുകയും ചെയ്യും.ഈ വർഷം ആദ്യം, ഇപിഎഫ്ഒ ഓട്ടോമാറ്റിക് ക്ലെയിം സെറ്റിൽമെന്‍റ് പരിധി ഒരു ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയര്‍ത്തിയിരുന്നു.ഇപിഎഫ്ഒ 3.0 പരിഷ്‌കാരങ്ങളുടെ ഭാഗമായി പിഎഫ് അംഗങ്ങള്‍ക്ക് തങ്ങളുടെ അക്കൗണ്ടിലെ വിവരങ്ങള്‍ എളുപ്പത്തില്‍ പരിശോധിക്കാന്‍ പുതിയ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇപിഎഫ്ഒയുടെ പോര്‍ട്ടലില്‍ ‘പാസ്ബുക്ക് ലൈറ്റ്’ എന്ന പേരിലാണ് പുതിയ സംവിധാനം.അംഗങ്ങള്‍ക്ക് ‘സമ്മറി’ എളുപ്പം പരിശോധിക്കാന്‍ കഴിയുന്നവിധമാണ് ‘പാസ്ബുക്ക് ലൈറ്റ്’ ക്രമീകരിച്ചിരിക്കുന്നത്.78 ദശലക്ഷം ആളുകളാണ് നിലവിൽ ഇപിഎഫ്ഒ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *