കൊച്ചി : കേരളത്തിലെ പഴയതും നിലവിലുള്ളതുമായ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ വിചാരണ സംസ്ഥാനത്തുടനീളമുള്ള കോടതികളില്‍ ഇഴയുന്നു. പാര്‍ലമെന്റ്,നിയമസഭാംഗങ്ങള്‍ക്കെതിരായ 391 കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്.ഇതില്‍ 59 എണ്ണം 10 വര്‍ഷത്തിലേറെയായി കോടതിയിലാണ്.100 കേസുകള്‍ അഞ്ച് മുതല്‍ 10 വര്‍ഷം വരെയും ശേഷിക്കുന്ന 232 എണ്ണം അഞ്ച് വര്‍ഷത്തില്‍ താഴെയുമായി കോടതിയിലാണ്.55 കേസുകളില്‍ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും 12 എണ്ണം മാത്രമാണ് നടപ്പിലാക്കിയത്.പത്തുവര്‍ഷത്തിലേറെ പഴക്കമുള്ള 59 കേസുകളില്‍ 29 എണ്ണത്തില്‍ പൊലീസിന് സമന്‍സ് ലഭിച്ചില്ല.അവര്‍ക്ക് ലഭിച്ച 30 സമന്‍സുകളില്‍ 27 എണ്ണം നല്‍കിയിട്ടുണ്ട്. പ്രതികള്‍ ഒളിവില്‍ പോയതിനാല്‍ മൂന്നെണ്ണം നടപ്പാക്കിയില്ല.
പന്ത്രണ്ട് കേസുകളില്‍ വാറണ്ടുകള്‍ പുറപ്പെടുവിച്ചു, അതില്‍ രണ്ടെണ്ണം നടപ്പാക്കി. പ്രതികളുടെ മരണം, ഒളിവില്‍ പോയതും ഹൈക്കോടതി സ്റ്റേയും മൂലം 10 എണ്ണം നടപ്പാക്കിയിട്ടില്ല.
കേസുകള്‍ കെട്ടിക്കിടക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച ഹൈക്കോടതി,10 വര്‍ഷത്തിലേറെയായി കെട്ടിക്കിടക്കുന്ന കേസുകളില്‍ സമന്‍സ് വേഗത്തില്‍ അയയ്ക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ നോഡല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കാന് സംസ്ഥാന സര്‍ക്കാരിനും കോടതി അധികാരികള്‍ക്കും നിര്‍ദ്ദേശം നല്കി.മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ പുറപ്പെടുവിച്ച വാറണ്ട്,നടപ്പാക്കാത്തതിന് കാരണമായി അറിയിച്ചത് ‘ ആ വ്യക്തിയെ നേരിട്ട് കണ്ടെത്താനായില്ല’ എന്നതാണ്.മുന്‍ എംഎല്‍എ സി കെ ശശീന്ദ്രനെതിരായ കേസില്‍ വാറണ്ട് നടപ്പാക്കാത്തതിന് കാരണമായി പൊലീസ് പറയുന്നത്,വസതിയില്‍ നിരവധി തവണ പോയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല, സമീപവാസികളോട് ആരാഞ്ഞപ്പോള്‍ ശശീന്ദ്രന് ഏതാനും ദിവസങ്ങളായി അവിടെയില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത് എന്നാണ്.അഞ്ച് മുതല്‍ 10 വര്‍ഷം വരെയായി കെട്ടിക്കിടക്കുന്ന 100 കേസുകളില്‍ 36 സമന്‍സുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വാദം.ലഭിച്ച 64 സമന്‍സുകളില്‍ 61 എണ്ണവും നടപ്പാക്കി.ശേഷിക്കുന്ന മൂന്നെണ്ണം വിലാസത്തിലെ അപാകതയോ,പ്രതിയെ കണ്ടെത്താനാകാത്തതോ മൂലമാണ്.19 വാറണ്ടുകള്‍ പുറപ്പെടുവിച്ചതില്‍ 17 എണ്ണം നടപ്പാക്കിയെന്നും പൊലീസ് പറയുന്നു.
ജില്ല തിരിച്ച് ഏറ്റവും കൂടുതല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് തിരുവനന്തപുരത്താണ്.57 എണ്ണം.ഇതില്‍ 34 എണ്ണം നിലവിലെ എംപി/ എംഎല്‍എമാര്‍ക്കെതിരെയാണ്.21 എണ്ണം മുന്‍ എംപി/എംഎല്‍എമാര്‍ക്കെതിരെയും.എറണാകുളത്ത് 37 കേസുകളാണ് സിറ്റിങ്ങ് എംപി/ എംഎല്‍എമാര്‍ക്കെതിരെയുള്ളത്.17 എണ്ണം മുന്‍ എംപി/എംഎല്‍എമാര്‍ക്കെതിരെയാണ്.കാസര്‍കോട് സിറ്റിങ്ങ് എംപി/എംഎല്‍എമാര്‍ക്കെതിരെ 14 കേസുകളാണ് കെട്ടിക്കിടക്കുന്നത്.24 കേസുകള്‍ മുന്‍ എംപി/എംഎല്‍എമാര്‍ക്കെതിരെയും കോടതികളിലുണ്ട്.