കാവുംമന്ദം : മാലിന്യനിർമാർജനരംഗത്ത് ഹരിതകർമ്മ സേന ചെയ്തുവരുന്ന വാതിൽ പടി സേവനങ്ങൾ പരിഷ്കരിച്ച മൊബൈൽ ആപ്പ് ഹരിത മിത്രം 2.0 വഴി 100% പൂർത്തീകരിച്ച വയനാട് ജില്ലയിലെ ആദ്യത്തെ ഗ്രാമ പഞ്ചായത്തായി തരിയോട്.2025 സെപ്റ്റംബർ മാസം മുതലാണ് ഹരിത മിത്രം 2.0 കേരളത്തില എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ആരംഭിച്ചത്.ഈ നേട്ടത്തിന് വേണ്ടി ഹരിത കർമ്മ സേന അംഗങ്ങൾ,ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ,ഹെൽത്ത് ഇൻസ്പെക്ടർ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ ഉൾപ്പെടെയുള്ളവർ വലിയ പരിശ്രമം നടത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി അറിയിച്ചു. ഇൻഫർമേഷൻ കേരള മിഷനാണ് ഹരിതമിത്രം 2.0 മൊബെൽ ആപ്പ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നത്.മികച്ച ശുചിത്വ സംസ്കാരം ലക്ഷ്യമിട്ട് പൊതു ഇട ശുചീകരണ പരിപാടികൾ കാര്യക്ഷമമായി ഗ്രാമപഞ്ചായത്തിൽ നടന്നു വരുന്നുണ്ട്.ഹരിത സ്ഥാപനങ്ങൾ,ശുചിത്വ ടൗൺ,ഹരിത ടൂറിസം കേന്ദ്രം,ഹരിത വിദ്യാലയങ്ങൾ അടക്കമുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കി കാര്യക്ഷമമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളും ഗ്രാമപഞ്ചായത്തിൽ നടന്നു വരുന്നുണ്ട്.
