കല്‍പ്പറ്റ : കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് പരിഹരിച്ചതായി ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ പറഞ്ഞു.കെ പി സി സിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലയുടെ ചാര്‍ജ് വഹിക്കുന്ന അഡ്വ.സജീവ് ജോസഫ്,ജമീല ആലിപ്പറ്റ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.ഏതാനം നാളുകളായി മുള്ളന്‍കൊല്ലിയില്‍ നിന്നും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിരുന്നു.ഇക്കഴിഞ്ഞ 19ന് നടന്ന ഡി സി സി നേതൃയോഗത്തില്‍ സംഘടനാചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍,കെ പി സി സി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ്, പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല എന്നിവര്‍ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.ജില്ലയുടെ ചുമതലയുള്ള അഡ്വ. സജീവ് ജോസഫ്,ജമീല ആലിപ്പറ്റ തുടങ്ങിയവരെ ചര്‍ച്ചകള്‍ക്കും മറ്റുമായി ചുമതലപ്പെടുത്തിയിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന ചര്‍ച്ചകള്‍ക്ക് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍,ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ,കെ പി സി സി എക്‌സിക്യുട്ടീവ് അംഗം കെ എല്‍ പൗലോസ്,അഡ്വ. രാജേഷ്‌കുമാര്‍,അഡ്വ.പി ഡി സജി,എന്‍ യു ഉലഹന്നാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ചര്‍ച്ചയെ തുടര്‍ന്ന് മുള്ളന്‍കൊല്ലിയിലെ ചില നേതാക്കള്‍ക്കെതിരെ കൈകൊണ്ട അച്ചടക്കനടപടികള്‍ പിന്‍വലിക്കുന്നതിനും തീരുമാനിച്ചു.അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഒറ്റകെട്ടായി പോകാനും മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനായി ഏഴംഗ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കുവാനും തീരുമാനിച്ചു. മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ താല്‍ക്കാലിക ചുമതലയില്‍ ഡി സി സി ജനറല്‍ സെക്രട്ടറിയായ അഡ്വ.രാജേഷ്‌കുമാര്‍ തുടരും. ഒക്ടോബര്‍ മൂന്നിന് രണ്ട് മണിക്ക് മണ്ഡലം നേതൃയോഗവും തുടര്‍ന്ന് പെരിക്കല്ലൂര്‍ ടൗണില്‍ രാഷ്ട്രീയ വിശദീകരണയോഗവും നടത്താനും തീരുമാനിച്ചു.രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ സി പി എം നടത്തുന്ന കള്ളപ്രചരണങ്ങള്‍ തുറന്ന് കാണിക്കുവാനും,പ്രചരണ പരിപാടികള്‍ നടത്തുവാനും പാര്‍ട്ടിക്ക് ദോഷകരമായ രീതിയില്‍ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുവാനും തീരുമാനിച്ചു.ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടും, കാണാട്ടുമല തങ്കച്ചനെ ജയിലിലടച്ച നടപടിയിലും നിഷ്പക്ഷമായ പൊലീസ് അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു.