മാധ്യമപ്രവര്‍ത്തകന് കയ്യേറ്റം;പ്രതിഷേധവുമായി പ്രസ് ക്ലബ്

കല്‍പ്പറ്റ : പ്രിയങ്ക ഗാന്ധിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകനെ പ്രിയങ്കയുടെ പിആര്‍ ടീമിലെ ഫോട്ടോഗ്രാഫര്‍ കയ്യേറ്റം ചെയ്തതായി പരാതി.വയനാട് വിഷന്‍ റിപ്പോര്‍ട്ടര്‍ സി.വി ഷിബുവിനെയാണ് ഫോട്ടോ ഗ്രാഫര്‍ കയ്യേറ്റം ചെയ്തതായി പരാതിയുള്ളത്.ഇന്നലെ വൈകിട്ട് ചുണ്ടേലിലെ കാപ്പി ഗവേഷണ കേന്ദ്രത്തില്‍ പ്രിയങ്കാ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് പി ആര്‍ ടീമിലെ റാഫി കൊല്ലം എന്നയാള്‍ കയ്യേറ്റം ചെയ്യുകയും,27,000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ തട്ടി താഴെയിടുകയും,കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും ഷിബു ആരോപിക്കുന്നത്. വിഷയത്തില്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.എം.പിമാരുടെ സന്ദര്‍ശനത്തിന് മാധ്യമങ്ങള്‍ക്ക് പ്രവേശനം പരിമിതപ്പെടുത്തിയിരുന്നതിനാല്‍,പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പ്രത്യേക അനുമതിയോടെയാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഷിബു എത്തിയത്.

ദേഹപരിശോധനകള്‍ക്ക് ശേഷം ഉദ്യോഗസ്ഥര്‍ അനുവദിച്ച സ്ഥലത്തുനിന്ന് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് പിആര്‍ ഫോട്ടോഗ്രാഫര്‍ തടഞ്ഞതായും,കയ്യേറ്റം ചെയ്തതായും പരാതിയിലുള്ളത്.തനിക്ക് അല്ലാതെ മറ്റാര്‍ക്കും വീഡിയോ എടുക്കാന്‍ അനുവാദമില്ലെന്ന് പറഞ്ഞായിരുന്നു ഫോട്ടോഗ്രാഫര്‍ കയ്യേറ്റം ചെയ്തത്. ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് താന്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതെന്ന് അറിയിച്ചെങ്കിലും ഇയാള്‍ പിന്മാറിയില്ല.കയ്യേറ്റത്തെ തുടര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയാതിരുന്നത് തന്റെ ജോലിയെ ബാധിച്ചുവെന്നും ഒരാഴ്ചയിലേറെയായി ജില്ലയിലുള്ള എം.പിമാരുടെ കൃത്യമായ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമല്ലാത്ത സാഹചര്യത്തില്‍,ലഭിച്ച അവസരം തടസ്സപ്പെടുത്തിയത് മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഷിബു പരാതിയില്‍ ചൂണ്ടിക്കാട്ടി.പിന്നീട് ഫോണില്‍ വിളിച്ചു ചോദിച്ചപ്പോള്‍ തനിക്കൊന്നും ഓര്‍മ്മയില്ലെന്നാണ് റാഫി മറുപടി നല്‍കിയതെന്നും,അതീവ സുരക്ഷ ആവശ്യമുള്ള എം.പിമാര്‍ക്കൊപ്പം ഇത്രയും ഓര്‍മ്മക്കുറവുള്ള ഒരാള്‍ സഞ്ചരിക്കുന്നത് സുരക്ഷാ വീഴ്ചയാണെന്നും പരാതിയിലുണ്ട്.ജോലി തടസ്സപ്പെടുത്തിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.സംഭവത്തില്‍ ഉള്‍പ്പെട്ട ഫോട്ടോ ഗ്രാഫര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണെമന്ന് ആവശ്യം

Leave a Reply

Your email address will not be published. Required fields are marked *