മേപ്പാടി : മേപ്പാടി-ചൂരൽമല റോഡ് നവീകരണത്തിന്റെ ഭാഗമായി മാപ്പിള തോട്ടം ഭാഗത്ത് നിർമിക്കുന്ന സംരക്ഷണഭിത്തി നിരവധി കുടുംബങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു.വീടുകളുടെ മേൽഭാഗത്തായി 50 അടിയോളം ഉയരത്തിൽ വരുന്ന കൂറ്റൻ സംരക്ഷണഭിത്തി അപകട ഭീഷണി ഉയർത്തുകയാണ്. റോഡ് നവീകരണ പ്രവൃത്തി നടക്കുന്ന റോഡിന്റെ ഇരുവശത്തും എച്ച് എം എൽ തേയിലത്തോട്ടമാണ്. ഇതിന്റെ താഴെ ഭാഗത്തായാണ് വീടുകൾ സ്ഥിതിചെയ്യുന്നത്.ഇവിടെ നിലവിൽ റോഡിന് സംരക്ഷണ ഭിത്തിയുണ്ട്.എന്നാൽ നവീകരണത്തിന്റെ ഭാഗമായി പുതിയ സംരക്ഷണഭിത്തി നിർമിക്കാനുള്ള പ്രവൃ ത്തി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.മുപ്പതിലധികം മനുഷ്യർ താമസിക്കുന്ന ആറ് വീടുകൾക്ക് മുകളിലായി 50 അടിയോളം ഉയരത്തിൽ കൂറ്റൻ കൽഭിത്തി നിർമ്മിക്കുന്നത് അതീവ പരിസ്ഥിതി ദുർബല പ്രദേശമായ ഇവിടെ വലിയ അപകടത്തിന് തന്നെ വഴിയൊരുക്കും. എസ്റ്റേറ്റ് നിലവിലെ പ്രവർത്തിക്ക് വിട്ടുകൊടുക്കുന്ന അത്രയും തന്നെ ഭൂമി മറുവശത്ത് വിട്ടുകൊടുക്കുകയും റോഡിന് വീതി കൂട്ടുകയും ചെയ്താൽ അപകടകരമാകുന്ന രീതിയിൽ പുതിയ സംരക്ഷണഭിത്തി കെട്ടുന്നത് ഒഴിവാക്കാനാകും. ചില ഭാഗങ്ങളിൽ എസ്റ്റേറ്റ് ഇങ്ങനെ ചെയ്തിട്ടുമുണ്ട്. തുരങ്കപാത കൂടി വരുന്നതോടെ വാഹനത്തിരക്ക് ഏറുകയും,കരിങ്കൽ കെട്ടിന് ബലക്ഷയം സംഭവിക്കുകയും ചെയ്താൽ തങ്ങളെ കാത്തിരിക്കുന്നത് വൻ ദുരന്തമാകുമെന്ന ഭീതിയിലാണ് നാട്ടുകാർ.തങ്ങൾ നേരിടാനിടയുള്ള അപകടഭീഷണി സംബന്ധിച്ച് മുഖ്യമന്ത്രിക്കും,ജില്ലാ കളക്ടർക്കും പരാതി നൽകി കാത്തിരിക്കുകയാണ് ഇവിടുത്തെ കുടുംബങ്ങൾ.
