മാനന്തവാടി : വയനാട് ചുരത്തിലുണ്ടായ മണ്ണിടിച്ചിലും തുടർന്നുണ്ടായ ഗതാഗത സ്തംഭനവും അത്യന്തം ഗൗരവതരമാണെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസ്താവിച്ചു.താമരശ്ശേരി ചുരം വഴിയുള്ള യാത്ര മഴക്കാലത്തും വേനൽക്കാലത്തും വയനാട്ടിലെ ജനങ്ങൾക്ക് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണെന്നും,ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്നും രൂപത പ്രസിഡൻ്റ് ബിബിൻ പിലാപ്പിള്ളി ആവശ്യപ്പെട്ടു.രോഗികളുമായി പോകുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ള അത്യാവശ്യ യാത്രക്കാരും,വിദ്യാർത്ഥികളും,ഉദ്യോഗസ്ഥരും,കർഷകരും നിരന്തരം ദുരിതം അനുഭവിക്കുകയാണ്.വയനാടിന്റെ വികസനത്തിനും ടൂറിസം സാധ്യതകൾക്കും ഈ യാത്രാപ്രശ്നം വലിയ വിലങ്ങുതടിയാകുന്നു.
വർഷങ്ങളായി ചർച്ചയിലുള്ള പടിഞ്ഞാറത്തറ – പൂഴത്തോട് വഴിയുള്ള കോഴിക്കോട് ബദൽ പാത അടിയന്തരമായി യാഥാർത്ഥ്യമാക്കണം. ഈ പാത ചുരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും, അടിയന്തര സാഹചര്യങ്ങളിൽ വയനാടിന് പുറംലോകവുമായി ബന്ധപ്പെടാനുള്ള സുരക്ഷിതമായ മാർഗ്ഗം ഒരുക്കുന്നതിനും സഹായകമാകും.
സർക്കാരും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും ഈ വിഷയത്തെ ഗൗരവത്തോടെ സമീപിക്കണമെന്നും,ചർച്ചകളിൽ ഒതുങ്ങാതെ, പടിഞ്ഞാറത്തറ ബദൽ പാതയുടെ നിർമ്മാണത്തിനായി സമയബന്ധിതമായ കർമ്മപദ്ധതി തയ്യാറാക്കി അടിയന്തര നടപടികൾ ആരംഭിക്കണമെന്നും കെ.സി.വൈ.എം മാനന്തവാടി രൂപത ആവശ്യപ്പെട്ടു.വയനാട്ടിലെ യുവജനങ്ങളുടെ ഭാവിക്കും നാടിന്റെ പുരോഗതിക്കും വേണ്ടി ഈ വിഷയത്തിൽ തുടർനടപടികളുമായി മുന്നോട്ടുപോകാൻ കെ.സി.വൈ.എം പ്രതിജ്ഞാബദ്ധമാണെന്നും ഭാരവാഹികൾ അറിയിച്ചു. വൈസ് പ്രസിഡൻ്റ് ആഷ്ന പാലാരികുന്നേൽ, ജനറൽ സെക്രട്ടറി വിമൽ കൊച്ചുപുരയ്ക്കൽ, സെക്രട്ടറിമാരായ ഡ്യൂണ മരിയ കിഴക്കേമണ്ണൂർ,ജസ്റ്റിൻ ലൂക്കോസ് നിലംപറമ്പിൽ , ട്രഷറർ നവീൻ ജോസ് പുലകുടിയിൽ,ഡയറക്ടർ ഫാ.സാൻ്റോ അമ്പലത്തറ,ആനിമേറ്റർ സി.റോസ് ടോം എസ് എ ബി എസ് തുടങ്ങിയവർ സംസാരിച്ചു.