ബില്ലുകള്‍ തടഞ്ഞുവെക്കാനുള്ള ഗവര്‍ണറുടെ അധികാരം;ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി

ബില്ലുകള്‍ തടഞ്ഞുവെക്കാനുള്ള ഗവര്‍ണറുടെ അധികാരം;ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി : സംസ്ഥാനത്തെ ബില്ലുകള്‍ തടഞ്ഞു വെക്കാനുള്ള ഗവര്‍ണറുടെ അധികാരത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്.നിയമത്തിന്റെ ഇത്തരം വ്യാഖ്യാനത്തില്‍ ആശങ്കയുണ്ടെന്നും അങ്ങനെയെങ്കില്‍ മണി ബില്ലുകള്‍ പോലും തടഞ്ഞുവെക്കാവുന്ന സ്ഥിതിയല്ലേയെന്നും സുപ്രീംകോടതി ചോദിച്ചു.ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണര്‍ക്ക് ബില്‍ തിരിച്ചയക്കാതെ പിടിച്ച് വെക്കാനുള്ള അധികാരമുണ്ട്.ഈ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുകയാണെങ്കില്‍ മണി ബില്‍ പോലും ഗവര്‍ണര്‍ക്ക് തടഞ്ഞ് വെക്കാമെന്ന സ്ഥിതിയുണ്ടാകുമെന്ന് കോടതി നിരീക്ഷിച്ചു.ഈ സാഹചര്യം സംസ്ഥാനങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാമെന്ന് ഭരണഘടന ബെഞ്ച് ചൂണ്ടിക്കാട്ടി.ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്,ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് വില്‍ക്രം നാഥ്,ജസ്റ്റിസ് പി എസ് നരസിംഹ,ജസ്റ്റിസ് എ എസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഗവര്‍ണര്‍ അനിശ്ചിതക്കാലം ബില്ലുകള്‍ പിടിച്ചുവെക്കുന്നത് നിയമസഭകളെ പ്രവര്‍ത്തനരഹിതമാക്കുമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.ഗവര്‍ണറുടെ നിഷ്‌ക്രിയത്വത്തിനെതിരെ ഒരു സംസ്ഥാനം കോടതിയെ സമീപിച്ചാല്‍ അതില്‍ ഇടപെടാനാകില്ലേയെന്നും കോടതി ചോദിച്ചു.അനുഛേദം 200 പ്രകാരം ബില്ല് തടഞ്ഞുവെക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനുള്ള പരിരക്ഷ എന്താണെന്നും കേന്ദ്രത്തോട് കോടതി ആരാഞ്ഞു.രാഷ്ട്രപതിയുടെ റഫറന്‍സ് സംബന്ധിച്ച് ഹര്‍ജികള്‍ പരിഗണിക്കവേയാണ് നിരീക്ഷണം.

നിയമസഭകള്‍ അംഗീകാരത്തിനായി അയച്ച ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ക്ക് തീരുമാനം എടുക്കാതെ മാറ്റിവെയ്ക്കാന്‍ അധികാരമുണ്ടെന്ന കേന്ദ്രവാദത്തിനിടെയാണ് സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ചാല്‍ ഇടപെടാനാകില്ലേ എന്ന ചോദ്യം ഭരണഘടനാ ബഞ്ച് ഉന്നയിച്ചത്.എന്നാല്‍ നീതിന്യായ വ്യവസ്ഥക്ക് പരിഹരിക്കാന്‍ കഴിയാത്ത ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അവ ജനാധിപത്യപ്രക്രിയിലൂടെ പരിഹരിക്കേണ്ടെതാണെന്നും കേന്ദ്രം വാദം ഉന്നയിച്ചു. ഗവര്‍ണര്‍ ആരോടും ഉത്തരം പറയേണ്ടതില്ല എന്നാണോ നിലപാട് എന്ന് കോടതി ആരാഞ്ഞു. ഗവര്‍ണറുടെ ഭാഗത്ത് പ്രശ്‌നമുണ്ടായാല്‍ തിരികെ വിളിക്കാന്‍ രാഷ്ട്രപതിക്ക് ആകുമെന്നും കേന്ദ്രം അറിയിച്ചു.അനിശ്ചിതക്കാലം ബില്ലുകള്‍ പിടിച്ചുവെക്കുന്നത് നിയമസഭകളെ പ്രവര്‍ത്തനരഹിതമാക്കുമെന്ന നീരീക്ഷണവും കോടതിയില്‍ നിന്നും കഴിഞ്ഞ ദിവസവും ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *