ശ്രേഷ്ഠ കാതോലിക്കാ ബാവാ വയനാട്ടിൽ എത്തി:സ്വീകരണം ഇന്ന് മൂലങ്കാവിൽ

ശ്രേഷ്ഠ കാതോലിക്കാ ബാവാ വയനാട്ടിൽ എത്തി:സ്വീകരണം ഇന്ന് മൂലങ്കാവിൽ

ബത്തേരി : യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായി വയനാട്ടിൽ എത്തി.കണ്ണൂർ വിമാനത്താവളത്തിൽ ഭദ്രാസന മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ബാവയെ സ്വീകരിച്ചു.ഇന്ന് മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. അനുമോദന സമ്മേളന വേദിയായ മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പളളിയും പരിസരവും ബാവയെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. കമാനങ്ങളും പാത്രിയർക്കാ എംബ്ലം പതിച്ച പീത പതാകകളും കൊണ്ട് മൂലങ്കാവ് നഗരവും അലങ്കരിച്ചിട്ടുണ്ട്.വൈകുന്നേരം 3 ന് മീനങ്ങാടി കത്തീഡ്രലിൽ ശമുവേൽ മാർ പീലക്സീനോസ് തിരുമേനിയുടെ കബറിടത്തിൽ ശ്രേഷ്ഠ ബാവ ധൂപ പ്രാർത്ഥന നടത്തും.തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മൂലങ്കാവിലേക്ക് ആനയിക്കും.3.30 ന് ദൈവാലയ കവാടത്തിൽ ശ്രേഷ്ഠ കാതോലിക്കയ്ക്ക് സ്വീകരണം നൽകും. തുടർന്ന് പള്ളിയിൽ ധൂപപ്രാർത്ഥന നടക്കും. വൈകുന്നേരം 4 ന് നടക്കുന്ന അനുമോദന സമ്മേളനത്തിൽ മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് അധ്യക്ഷത വഹിക്കും.മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്യും.പ്രശസ്ത നടനും സംവിധായകനുമായ ബേസിൽ ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

ഡോക്യുമെന്ററി പ്രകാശനം മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്തയും,സണ്ടേസ്കൂൾ സപ്ലിമെന്റ് പ്രകാശനം പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്തയും നിർവഹിക്കും.ഇടവക മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടന്ന് വരുന്ന കൂട് ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാഗമായി ഭവന നിർമ്മാണ സഹായം,വിവാഹ ധനസഹായം,വസ്ത്ര വിതരണം എന്നിവയും ചടങ്ങിനോടനുബന്ധിച്ച് നടക്കും.

‘തലചായ്ക്കാനൊരിടം’ എന്ന ഭവന പദ്ധതിയുടെ ഉദ്ഘാടനം മലങ്കര കത്തോലിക്കാ സഭയുടെ ബത്തേരി രൂപതാ അധ്യക്ഷൻ ഡോ.ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത നിർവഹിക്കും. ‘കരുതൽ’ വസ്ത്ര വിതരണ പദ്ധതി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ‘മംഗല്യക്കൂട്’ വിവാഹ ധനസഹായ വിതരണം അഡ്വ.ടി.സിദ്ധീഖ് എം.എൽ.എ നിർവഹിക്കും. സഭാ കലണ്ടർ പ്രകാശനം നീലഗിരി എംഎൽഎ പൊൻജയശീലൻ നിർവഹിക്കും.

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ അനുഗ്രഹപ്രഭാഷണം നടത്തും.പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ജനറൽ കൺവീനർ ഫാ.ഷിജിൻ കടമ്പക്കാട്ടിൽ,ഭദ്രാസന സെക്രട്ടറി ഫാ.ബേസിൽ കരനിലത്ത്,ഭദ്രാസന ജോ സെക്രട്ടറി ബേബി വാളംകോട്ട്,മീഡിയാ കമ്മിറ്റി ചെയർമാൻ ഫാ.സോജൻ വാണാക്കുടി,മീഡിയാ കമ്മിറ്റി കൺവീനർ കെ.എം.ഷിനോജ് എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *