കൊച്ചി : കൊരട്ടി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ഡിജിറ്റല്‍ പരിവര്‍ത്തന കമ്പനിയായ വെബ് ആന്‍ഡ് ക്രാഫ്റ്റ്സിന്റെ (WAC) ആഭിമുഖ്യത്തില്‍ കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന WAC ബിയോണ്ട് – ടെക്നോളജി ആന്‍ഡ് മാര്‍ക്കറ്റിംഗ് സമ്മിറ്റ് ബിസിനസ് തലവന്മാരുടെയും പുതുതലമുറ സംരംഭകരുടെയും സംഗമവേദിയായി.
മാര്‍ക്കറ്റിങ് മാനേജ്‌മെന്റില്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ഒരു ബിസിനസിന് ഏറെ ഗുണകരമാകുമെന്ന് സമ്മിറ്റിനെ അഭിസംബോധന ചെയ്ത വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. സാങ്കേതികവിദ്യ പ്രത്യേകിച്ച് നിര്‍മിതബുദ്ധിക്ക് നിര്‍ണായക പങ്ക് വഹിക്കാവുന്ന നിരവധി മേഖലകളുണ്ട്.നിലവിലെ അനിശ്ചിതമായ ലോകക്രമത്തില്‍ മാറുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും ബിസിനസ് വളര്‍ച്ച കൈവരിക്കാനും സാങ്കേതികവിദ്യ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. കൊരട്ടിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍ഫോപാര്‍ക്കില്‍ നിന്നും വളരെ ചെറിയ കാലയളവിലുള്ള WAC-യുടെ വളര്‍ച്ച പ്രശംസനീയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
WAC-യുടെ പതിമൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മിറ്റില്‍ ആയിരത്തിലേറെ പേര്‍ പങ്കെടുത്തു.നൂതനാശയങ്ങള്‍ക്കും ബിസിനസ് പരിവര്‍ത്തനത്തിനുമുള്ള കേരളത്തിലെ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമുകളിലൊന്നായി വിഭാവനം ചെയ്യപ്പെടുന്ന WAC ബിയോണ്ട് 2026-ന് മുന്നോടിയായാണ് WAC ബിയോണ്ട് 2025 സംഘടിപ്പിച്ചത്.
ഒരു സ്റ്റാര്‍ട്ടപ്പ് എന്ന നിലയില്‍ ആരംഭിച്ച WAC പതിമൂന്ന് വര്‍ഷത്തിനിടയില്‍ ഒരു വിജയകരമായ സ്ഥാപനമായി വളര്‍ന്നുകഴിഞ്ഞിട്ടുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ഹൈബി ഈഡന്‍ എംപി പറഞ്ഞു. ബിയോണ്ടില്‍ സമ്മിറ്റില്‍ കാലോചിതമായ രണ്ട് പ്രധാനപ്പെട്ട വിഷയങ്ങളായ സാങ്കേതികവിദ്യയും മാര്‍ക്കറ്റിങ്ങുമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.ഈ രണ്ട് വിഷയങ്ങള്‍ നിര്‍ണയക പങ്ക് വഹിക്കാനിരിക്കുന്ന ഭാവിയില്‍ സാമാന്യജനങ്ങള്‍ക്ക് അതിവേഗത്തിലുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ WAC-ക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.ചടങ്ങില്‍ WAC സിഇഒ ജിലു ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ഗൂഗിളുമായുള്ള കമ്പനിയുടെ പങ്കാളിത്തം പ്രഖ്യാപിക്കുന്ന ഗൂഗിള്‍ സ്‌പോട്ട്‌ലൈറ്റ് സെഷന് പുറമേ പ്രമുഖര്‍ നയിച്ച സെഷനുകളും സമ്മിറ്റിന്റെ ഭാഗമായി നടന്നു.രാജ്യത്തെ പ്രമുഖ സുഗന്ധവ്യഞ്ജന കയറ്റുമതി സ്ഥാപനമായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ജെയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചിയുടെയും പുതിയ വെബ്സൈറ്റുകളും ചടങ്ങില്‍ പ്രകാശനം ചെയ്തു.
മികച്ചയാളുകള്‍,മൂല്യങ്ങള്‍,ദര്‍ശനം എന്നിവയിലൂടെ ഏറ്റവും ചെറിയ തുടക്കങ്ങള്‍ പോലും ഏറ്റവും വലിയ സ്വാധീനം സൃഷ്ടിക്കുമെന്ന് തെളിയിക്കുന്നതാണ് WAC-യുടെ യാത്രയെന്ന് കമ്പനി മാനേജിംഗ് ഡയറക്ടറും സ്ഥാപകനുമായ എബിന്‍ ജോസ് ടോം പറഞ്ഞു.
പതിമൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി കമ്പനിയില്‍ ദീര്‍ഘകാലമായി മികച്ച സേവനം നല്‍കിവരുന്ന മാര്‍ക്കറ്റിംഗ് ഹെഡ് ശ്രീവേദ് എംപി;പിഎച്ച്പി വിഭാഗം ഹെഡ് മിഥുന്‍ രാജ് കെ ആര്‍; ഗ്ലോബല്‍ സെയില്‍സ് ഹെഡ് അനൂപ് കെ ജോസഫ് എന്നിവര്‍ക്ക് പുതിയ മഹീന്ദ്ര എക്‌സ് ഇ വി 9ഇ കാറുകള്‍ ചടങ്ങില്‍ സമ്മാനിച്ചു. കമ്പനിയിലെ ജീവനക്കാരാണ് ഡബ്ല്യു എ സിയുടെ ഏറ്റവും വലിയ കരുത്തെന്ന് സിഇഒ ജിലു ജോസഫ് പറഞ്ഞു. പതിമൂന്നാം വാര്‍ഷികം ആഘോഷിക്കുകയെന്നത് ഒരു കമ്പനി എന്ന നിലയിലുള്ള വളര്‍ച്ചയ്ക്ക് പുറമേ അവരെ ആദരിക്കുകയെന്നത് കൂടിയാണെന്നും അവര്‍ പറഞ്ഞു.സമ്മിറ്റിന് സമാപനം കുറിച്ചുകൊണ്ട് സംഗീതജ്ഞന്‍ അല്‍ഫോണ്‍സ് ജോസഫ് പങ്കെടുത്ത മദ്രാസ് മെയില്‍ ബാന്‍ഡിന്റെ സംഗീത പരിപാടിയും അരങ്ങേറി.
2012-ല്‍ കൊരട്ടി ഇന്‍ഫോപാര്‍ക്കില്‍ സ്ഥാപിതമായ വെബ് ആന്‍ഡ് ക്രാഫ്റ്റ്സ്,ഒരു സിംഗിള്‍ കമ്പ്യൂട്ടര്‍ സ്റ്റാര്‍ട്ടപ്പില്‍ നിന്ന് ലോകമെമ്പാടുമുള്ള 500-ലധികം ക്ലയന്റുകളുടെ വിശ്വസ്ത പങ്കാളിയായി വളര്‍ന്നുകഴിഞ്ഞിട്ടുണ്ട്.വെബ്,മൊബൈല്‍ ആപ്പ് വികസനം,ഇ-കൊമേഴ്സ് സൊല്യൂഷനുകള്‍, എഐ-പവര്‍ഡ് പ്ലാറ്റ്ഫോമുകള്‍,ബ്രാന്‍ഡിംഗ്, ക്ലൗഡ് ഇന്റഗ്രേഷന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നീ മേഖലകളില്‍ വൈദഗ്ദ്ധ്യമുള്ള കമ്പനി ഇതിനോടകം റീട്ടെയില്‍,നിര്‍മ്മാണം, ധനകാര്യം,ആരോഗ്യ സംരക്ഷണം,ഹോസ്പിറ്റാലിറ്റി തുടങ്ങിയ രംഗങ്ങളില്‍ 1,500-ലധികം പ്രോജക്ടുകള്‍ക്ക് സേവനം ലഭ്യമാക്കിയിട്ടുണ്ട്.