തിരുവനന്തപുരത്ത് ആവേശത്തിരയിളക്കി കെ.സി.എൽ ട്രോഫി ടൂർ;വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ്

തിരുവനന്തപുരത്ത് ആവേശത്തിരയിളക്കി കെ.സി.എൽ ട്രോഫി ടൂർ;വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ്

തിരുവനന്തപുരം : സ്വാതന്ത്ര്യദിനത്തിൽ ആവേശത്തിന്റെ പുതിയ റൺവേ ഒരുക്കി കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) ട്രോഫി ടൂറിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം. പര്യടനത്തിന്റെ മൂന്നാം ദിനം തലസ്ഥാനത്ത് എത്തിയ ട്രോഫിക്ക്, ജില്ലയുടെ സ്വന്തം ടീമായ ട്രിവാൻഡ്രം റോയൽസിന്റെ സാന്നിധ്യം ഇരട്ടി ആവേശം പകർന്നു.

​ടീമിന്റെ പ്രമുഖ താരങ്ങളായ അബ്ദുൾ ബാസിത്, സഞ്ജീവ് സതീശൻ, അദ്വൈത് പ്രിൻസ്, അനുരാജ് ജെ.എസ് എന്നിവർ ആരാധകർക്കും യാത്രക്കാർക്കും ഇടയിലേക്ക് എത്തിയതോടെ വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനൽ ആവേശത്തിലമർന്നു. കെ.സി.എല്ലിന് കേരളത്തിലുള്ള ജനപ്രീതി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി വലിയ ജനശ്രദ്ധ നേടി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വിമാനത്താവളത്തിലെ യാത്രക്കാർക്കും ജീവനക്കാർക്കും പ്രത്യേക സമ്മാനങ്ങളും തൊപ്പികളും വിതരണം ചെയ്തത് ചടങ്ങിന് ഉത്സവ പ്രതീതി നൽകി.

കെ.സി.എൽ ടൂർണമെൻ്റ് ഡയറക്ടർ രാജേഷ് തമ്പി, ചീഫ് എയർപോർട്ട് ഓഫീസർ ഷിബു കുമാർ, അദാനി കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് കേരള റീജിയൺ ഹെഡ് മഹേഷ് ഗുപ്തൻ,അദാനി എയർപോർട്ട് മാർക്കറ്റിംഗ് ഹെഡ് സിദ്ധാർത്ഥ്. ട്രിവാൻഡ്രം റോയൽസ് ടീം പ്രതിനിധികളായ ഡോ. മൈഥിലി, ആർ.എസ് മധു എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *