മേപ്പാടി : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകതിക്രമം നടത്തിയ കേസിൽ ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ ആക് ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്ക് 16 വർഷം തടവും 25000 രൂപ പിഴയും.മുപ്പൈനാട്,നെടുമ്പാല തുരുത്തിൽ വീട്ടിൽ മണി (58)യെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്.
2020 നവംബറിൽ രെജിസ്റ്റർ ചെയ്ത കേസിലാണ് വിധി.രണ്ടു വർഷത്തോളം ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകതിക്രമം നടത്തി വരികയായിരുന്നു. അന്നത്തെ മേപ്പാടി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന പി.സി സജീവ് കേസ് രെജിസ്റ്റർ ചെയ്ത് ആദ്യന്വേഷണം നടത്തുകയും പിന്നീട് വന്ന സബ് ഇൻസ്പെക്ടർ വി.പി സിറാജ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. അസി സബ് ഇൻസ്പെക്ടർ അസ്മ,സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.മുജീബ് എന്നിവർ അന്വേഷണത്തിന് സഹായിച്ചു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.ജി.മോഹൻദാസ് ഹാജരായി.