തോട്ടഭ‍ൂമി വാങ്ങി സാമ്പത്തിക തട്ടിപ്പ്‌:മുസ്ലീം ലീഗ്‌ ജനങ്ങളോട്‌ മറുപടി പറയണം:സിപിഐ എം

തോട്ടഭ‍ൂമി വാങ്ങി സാമ്പത്തിക തട്ടിപ്പ്‌:മുസ്ലീം ലീഗ്‌ ജനങ്ങളോട്‌ മറുപടി പറയണം:സിപിഐ എം

കൽപ്പറ്റ : ദുരന്തബാധിതരുടെ പേരിൽ തോട്ടഭ‍ൂമി വാങ്ങി സാമ്പത്തിക തട്ടിപ്പ്‌ നടത്തിയ മുസ്ലീം ലീഗ്‌ ജനങ്ങളോട്‌ മറുപടി പറയണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്‌ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.ദുരന്തബാധിതരേയും ജനങ്ങളെയും ലീഗ്‌ ഒരുപോലെ വഞ്ചിച്ചു. ജനങ്ങളിൽനിന്ന്‌ പിരിച്ച പണമാണ്‌ ധൂർത്തടിക്കുന്നത്‌.
തോട്ടഭൂമിയാണെന്ന്‌ അറിഞ്ഞുകൊണ്ടാണ്‌ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക്‌ വീട്‌ നിർമിക്കാനായി തൃക്കൈപ്പറ്റയിൽ സ്ഥലം വാങ്ങിയത്‌. ട‍ൗൺഷിപ്‌ പ്രവൃത്തിക്ക്‌ വേഗത പോരെന്ന്‌ പറഞ്ഞാണ്‌ സർക്കാർ പദ്ധതിയിൽനിന്ന്‌ ലീഗ്‌ പിൻമാറിയത്‌.ട‍ൗൺഷിപ്പിൽ വീട്‌ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കു‍മ്പോഴും ലീഗിന്‌ സ്ഥലംപോലും ഉറപ്പിക്കാനായില്ല.
അഞ്ചിരട്ടിവരെ വിലയ്‌ക്കാണ്‌ തോട്ടഭ‍ൂമി വാങ്ങിയത്‌. വേറെ രണ്ട്‌ സ്ഥലത്തിന്‌ അഡ്വാൻസ്‌ കൊടുത്തിരുന്നതായും ലീഗ്‌ നേതാക്കൾതന്നെ പറയുന്നു. ഇ‍ൗ തുകയും നഷ്ടമായി. ജനങ്ങളുടെ പണമാണിതെല്ലാം.

വാങ്ങിയത്‌ തോട്ടഭൂമിയല്ലെന്ന കള്ളം ലീഗ്‌ ആവർത്തിക്കുകയാണ്‌.സ്ഥലത്തിന്റെ രേഖകൾ പരിശോധിക്കുന്ന ആർക്കും തോട്ടഭ‍ൂമിയാണെന്ന്‌ വ്യക്തമാകും.2021 ഒക്‌ടോബർ 23ലെ സ്‌റ്റേറ്റ്‌ ലാൻഡ്‌ ബോർഡ്‌ സെക്രട്ടറിയുടെ സർക്കുലർ ചൂണ്ടിക്കാണിച്ചാണ്‌ ഭ‍ൂമി നൽകിയവരുടെ കൈവശം 15 ഏക്കറിൽ കൂടുതൽ ഇല്ലെന്നും അതിനാൽ ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും നേതാക്കൾ പറയുന്നത്‌.ഇത്‌ വസ്‌തുതാ വിരുദ്ധമാണ്‌.
കൈമാറ്റങ്ങൾ നടത്തപ്പെടുന്നതിന്‌ മുമ്പ്‌ ഭൂമി കൈവശം വച്ചിരുന്നവരുടെ ഉടമസ്ഥത എങ്ങിനെ ആയിരുന്നുവെന്നതാണ്‌ നിയമം.ലീഗ്‌ സ്ഥലം വാങ്ങിയ അഞ്ചുപേരുടെയും കൈവശമുള്ളത്‌ തോട്ടഭൂമിയാണ്‌. തൃക്കൈപ്പറ്റ വില്ലേജിലെ സർവേ നമ്പർ 19 1ബിയിൽ പെട്ടതാണ്‌ നാലുപേരുടെ ഭൂമി. ഇത്‌ തോട്ടഭൂമിയാണെന്ന്‌ രേഖകളിൽ വ്യക്തമാണ്‌. മൂന്നേക്കർ വാങ്ങിയ കല്ലങ്കോടൻ മൊയ്‌തുവിന്റേതും മൂന്ന്‌,അഞ്ച്‌,ആറ്‌ സർവേ നമ്പറിൽപെട്ട തോട്ടഭൂമിയാണെന്നാണ്‌ രേഖ.ഇത്തരം ഭൂമികൾ അതേപടി നിലനിൽക്കുമെന്ന്‌ വ്യക്തതവരുത്തി 2024 ജൂൺ 11ന്‌ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്‌. തോട്ടഭൂമിയിൽനിന്ന്‌ ഒരേക്കർ വാങ്ങിയാലും ഭൂപരിഷ്‌കരണ നിയമപ്രകാരം അത്‌ തോട്ടഭ‍ൂമിയായി നിലനിൽക്കും.ഇതുമറച്ചുവച്ചാണ്‌ ലീഗ്‌ നേതാക്കൾ ജനങ്ങളെ കബളിപ്പിക്കുന്നത്‌.തോട്ടഭൂമി ലീഗ്‌ വാങ്ങിയതിന്റെ അഞ്ചിലൊന്ന്‌ വിലയ്‌ക്ക്‌ ധാരളാം കിട്ടാനുണ്ട്‌.

കല്ലങ്കോടൻ മൊയ്‌തുവിന്റെയും ഭാര്യയുടെയും കൈവശം കൂടുതൽ ഭൂമി ഉണ്ടായിട്ടും അത്‌ മൊത്തത്തിൽ വാങ്ങാതെ മൂന്ന്‌ ഏക്കർ മാത്രം വാങ്ങിയത്‌ എന്തിനാണെന്നും ലീഗ്‌ നേതൃത്വം വ്യക്തമാക്കണം.വിൽപ്പന നടത്തിയ ഭൂമിക്ക്‌ ഏതെങ്കിലും വിധത്തിൽ ഇളവ്‌ ലഭിച്ചാൽ ആ പഴുത്‌ ഉപയോഗിച്ച്‌ അവശേഷിക്കുന്ന ഭൂമികൂടി തരം മാറ്റിയെടുക്കുന്നതിനുള്ള തന്ത്രമാണിത്‌.ഇവിടെ നിന്ന്‌ ഏറെ മാറിയാണ്‌ വാങ്ങിയ മറ്റുസ്ഥലങ്ങൾ.
ദുരന്തബാധിതരുടെ പുനരധിവാസവും ആശങ്കകളുമൊന്നും ലീഗിന്‌ പ്രശ്‌നമല്ല.എങ്ങനെ പണമുണ്ടാക്കാമെന്നതാണ്‌ ചിന്ത.കോൺഗ്രസും യൂത്ത്‌ കോൺഗ്രസും ഉരുൾബാധിതരുടെ പേരിൽ സമാഹരിച്ച കോടികൾ മുക്കി.എത്ര പിരിച്ചെന്നോ, എന്ത്‌ ചെയ്‌തെന്നോ പുറത്തുപറഞ്ഞിട്ടില്ല.ഇതും കൊടും വഞ്ചനയാണ്‌.ഇ‍ൗ നിലപാടുകൾ തിരുത്താൻ ലീഗും കോൺഗ്രസും യൂത്ത്‌ കോൺഗ്രസും തയ്യാറാകണമെന്നും റഫീഖ്‌ പറഞ്ഞു.ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ വി വി ബേബി,എം മധു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *