മുള്ളൻകൊല്ലി റബ്ബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റിയെ തകർക്കാൻ ആസൂത്രിത നീക്കമെന്ന് ഭരണസമിതി അംഗങ്ങൾ

മുള്ളൻകൊല്ലി റബ്ബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റിയെ തകർക്കാൻ ആസൂത്രിത നീക്കമെന്ന് ഭരണസമിതി അംഗങ്ങൾ

പുൽപ്പള്ളി : യു ഡി എഫ് നേതൃത്വം നൽകുന്ന റബ്ബർ& അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റിയെ തകർക്കാൻ സിപിഎമ്മും, ബിജെപിയും ആസൂത്രിത ശ്രമങ്ങൾ നടത്തുന്നുവെന്ന് പ്രസിഡന്റ് സാജൻ ജോസഫ് കടുപ്പിൽ ആരോപിച്ചു.സൊസൈറ്റിക്കെതിരെ അടിസ്ഥാനമില്ലാതെ അഴിമതി ആരോപണം ഉന്നയിച്ച് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും സമരങ്ങൾ സംഘടിപ്പിക്കുന്നതും ഗൂഢാലോചനയുടെ ഭാഗമാണ്. മൂന്ന് പതിറ്റാണ്ട് മുമ്പ് പ്രവർത്തനം തുടങ്ങിയതാണ് സൊസൈറ്റി.തുടക്കം മുതൽ യുഡിഎഫ് ഭരണത്തിലുള്ള സംഘത്തിൽ മുള്ളൻകൊല്ലി പഞ്ചായത്തിലെ നാലായിരത്തോളം കർഷകർ അംഗങ്ങളാണ് ഇല്ലാത്ത അഴിമതിക്കഥകൾ പറഞ്ഞ് സൊസൈറ്റിയെയും ഭരണസമിതിയെയും ഇകഴ്ത്താൻ ആസൂത്രിത നീക്കം നടത്തുകയാണ്.

നേരത്തെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി സഹകരണ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ജീവനക്കാരെ സൊസൈറ്റി പുറത്താക്കിയിരുന്നു. ഇവരുടെ ഇടപെടലും സൊസൈറ്റിക്കെതിരായ നീക്കങ്ങൾക്ക് പിന്നിൽ ഉണ്ടെന്നാണ് കരുതുന്നത്.

നിലവിലെ ഭരണസമിതി എല്ലാ മാസവും യോഗം ചേർന്ന് സൊസൈറ്റി പ്രവർത്തനം വിലയിരുത്തുന്നുണ്ട്. സഹകരണ വകുപ്പിന്റെ ഗ്രൂപ്പ് ഓഡിറ്റിങ്ങും സെൻട്രൽ ജി എസ് ടി ഓഡിറ്റിങ്ങും യഥാസമയം സൊസൈറ്റിയിൽ നടക്കുന്നുണ്ട്. ഓഡിറ്റിംഗിൽ ഒരു ക്രമക്കേടും കണ്ടെത്തിയിട്ടില്ല. സിപിഎമ്മും ബിജെപിയും സൊസൈറ്റിക്കെതിരായ അഴിമതി ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണ്.തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പാണ് അവരുടെ ലക്ഷ്യം.സൊസൈറ്റിക്കെതിരായ കുപ്രചരണം കർഷകരോടുള്ള വെല്ലുവിളിയാണ്.സൊസൈറ്റി പ്രവർത്തനം ഉത്തരവാദിത്തപ്പെട്ട ഏജൻസികൾക്കും ഉദ്യോഗസ്ഥർക്കും എപ്പോൾ വേണമെങ്കിലും പരിശോധിക്കാം എന്നിരിക്കെ ആരോപണങ്ങൾ കർഷകർ തള്ളുമെന്നും അദ്ദേഹം പറഞ്ഞു.വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് പി ആർ ബാലചന്ദ്രൻ,ഡയറക്ടർമാരായ ജോസഫ് വേങ്ങശ്ശേരി,ദേവസ്യ കാക്കനാട്,രാധാ വിദ്യാധരൻ, എൽ സി മാത്യു, തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *