മാനന്തവാടി : തോരാതെ പെയ്ത കോരിച്ചൊരിഞ്ഞ മഴയിലും തങ്ങളുടെ പ്രിയപ്പെട്ട ആശാ വർക്കർ കെ.വി. ഷീജയെ അവസാനമായി ഒരു നോക്ക് കാണാൻ തിരിമുറിയാത്ത ജനപ്രവാഹത്തിനാണ് ഇന്നലെ എടവക സാക്ഷ്യം വഹിച്ചത്. ഒരു കുടുംബത്തിൻ്റെ ആശകൾ അസ്തമിപ്പിച്ച് വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായ പ്രിയ സഹപ്രവർത്തകയുടെ ചേതനയറ്റ ശരീരത്തിൽ ആശാ വർക്കർമാർ നിറ മിഴികളോടെ പനിനീർ പൂക്കൾ സമർപ്പിച്ചു. പാണ്ടിക്കടവ് മുത്താരിമൂലയിലെ ആലഞ്ചേരി വീട്ടിലെത്തിയ ബന്ധുക്കൾക്കും നാട്ടുകാർക്കും അമ്മയുടെ വിയോഗത്തിൽ തളർന്നിരുന്ന നികന്യയെയും നിവേദ്യയെയും എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയില്ലായിരുന്നു. സമീപകാലത്തൊന്നും മാനന്തവാടി പരിസരത്ത് കാണാത്തത്ര വലിയ ജനസാഗരമാണ് അന്തിമോപചാരമർപ്പിക്കാൻ കോരിച്ചൊരിഞ്ഞ പെരുമഴയെ അവഗണിച്ച് ഒഴുകി എത്തിയത്. കളിചിരികളുമായി വീട്ടിലും നാട്ടിലും നിറഞ്ഞ് നിന്ന തങ്ങളുടെ പ്രിയപ്പെട്ട ആശയ്ക്ക് നിറമിഷികളോടെ ജനാവലി യാത്രയാക്കി. മന്ത്രി ഒ. ആർ. കേളു ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു. മേയ് 6 ന് ബത്തേരിയിലെ സഹോദരിയുടെ വീട്ടിലേയ്ക്ക് പോകവെയാണ് ഷിജയും ഭർത്താവ് രാമകൃഷ്ണനും സഞ്ചരിച്ച സ്കൂട്ടറിൽ അമിത വേഗതയിൽ വന്ന കാർ ഇടിച്ചത്. സാരമായി പരുക്കേറ്റ ഷീജയെ മേപ്പാടിയിലെ സ്വകാര്യ മെഡിയ്ക്കൽ കോളജ് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. അവിടെ നിന്നും ഉള്യേരിയിലെ സ്വകാര്യ മെഡിയ്ക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. 2 മാസത്തോളം മരണത്തോട് മല്ലടിച്ച ഷീജ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മരണത്തിന് കീഴടങ്ങിയത്. പരുക്കേറ്റ രാമകൃഷ്ണന് ഇനിയും ചികിത്സ തുടരേണ്ടതായുണ്ട്. ചുമട്ടുതൊഴിലാളിയായ രാമൻ്റെയും ആശ വർക്കർ എന്ന നിലയിൽ കിട്ടുന്ന ഷീജയുടെയും വരുമാനമായിരുന്നു കുടുംബത്തിൻ്റെ ഏക ആശ്രയം. വരുമാനം നിലച്ച നിർധന കുടുംബത്തെ സഹായിക്കാനും ഷീജയുടെ ചികിത്സയ്ക്ക് വേണ്ട പണം കണ്ടെത്താനുമായി നാട്ടുകാർ ചികിത്സാ സഹായ സമിതി രൂപവത്കരിച്ചു പ്രവർത്തിച്ച് വരുന്നതിനിടെയായിരുന്നു ഷീജയുടെ മരണം. ചൊവ്വാഴ്ച രാത്രിമാനന്തവാടി മെഡിയ്ക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്നലെ രാവിലെ പോസ്റ്റ്മോർട്ടം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, എടവക പഞ്ചായത്ത് പ്രസിഡൻ്റ് ബ്രാൻ അഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ തുടങ്ങി നിരവധി പ്രമുഖർ മോർച്ചറിയിൽ എത്തിയിരുന്നു. 11 ഓടെ എടവക പഞ്ചായത്ത് ഓഫിസ് വളപ്പിൽ ഒരുക്കിയ പന്തലിൽ പൊതുദർശനം ആരംഭിച്ചു. ഷീജയുടെ മക്കൾ പഠിക്കുന്ന മാനന്തവാടി ഗവ. കോളജിലെയും മാനന്തവാടി ഗവ. ഹൈസ്കൂളിലെയും വിദ്യാർഥികളും അധ്യാപകരും അടക്കം നൂറുകണക്കിനാളുകൾ അവിടെ എത്തി അന്തിമോപചാരം അർപ്പിച്ചു. 12.30 ഓടെ വീട്ടിലെത്തിക്കുമ്പോൾ വൻ ജനാവലിയായിരുന്നു കാത്ത് നിന്നുരുന്നത്.
