കൽപ്പറ്റ : ലക്കിടിയില്‍ നിന്നും ആരംഭിക്കുന്ന വൈത്തിരി പുഴയുടെ തീരത്ത് രണ്ടു കിലോമീറ്റര്‍ ദൂരത്ത് നിലവിലുള്ള ഈറ്റക്കാടുകള്‍ 2007 -09 കാലഘട്ടങ്ങളിലായി പുഴയുടെ സംരക്ഷണത്തിനും പുനര്‍ജ്ജീവനത്തിനുമായി നട്ടു പിടിപ്പിച്ചവയാണെന്നും അവ വെട്ടി നശിപ്പിക്കരുതെന്നും ഒയിസ്ക കല്‍പ്പറ്റ ചാപ്റ്റര്‍ യോഗം ആവശ്യപ്പെട്ടു.
ലക്കിടിയിലെ ചതുപ്പ് നിലങ്ങള്‍ നികന്നതുമൂലം മൃതാവസ്ഥയിലായി മഴ മാറിയാൽ ഉടൻ പൂര്‍ണ്ണമായും വറ്റി പോകുന്ന അവസ്ഥയിലായിരുന്നു വൈത്തിരി പുഴ.പരിസ്ഥിതി ബോധവത്കരണ സംഘടനയായ ഒയിസ്കയും ,ലക്കിടി നവോദയ സ്കൂളും ചേര്‍ന്ന് 2007 ല്‍ പുഴയുടെ പുനര്‍ജ്ജീവനത്തിനും സംരക്ഷണത്തിനുമായാണ് തീരത്ത് ഈറ്റത്തൈകള്‍ വച്ച് പിടിപ്പിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് കൂടുതല്‍ ദൂരത്ത് പദ്ധതി നടപ്പിലാക്കി. ഇപ്പോള്‍ അത് ഈറ്റക്കാടുകള്‍ ആയി മാറുകയും വേനല്‍ക്കാലത്തും നല്ല തെളിനീരുള്ള പുഴയായി വൈത്തിരി പുഴ മാറുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ അനധികൃതമായി ചിലര്‍ ഈറ്റകള്‍ വെട്ടി കടത്തിയിരുന്നു.
ഇപ്പോള്‍ ചില പദ്ധതികളുടെ പേരില്‍ ഈറ്റക്കാടുകള്‍ പൂര്‍ണ്ണമായും വെട്ടി കടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. അത്തരം നടപടികള്‍ ആരുടെ ഭാഗത്തു നിന്നായാലും അതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും നിയമപരമായി നേരിടാനും ചാപ്റ്റര്‍ യോഗം തീരുമാനിച്ചു. ഈറ്റക്കാടുകള്‍ വെട്ടാന്‍ അനുമതി നല്‍കുന്ന ഉദ്യോഗസ്ഥര്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഒയിസ്ക കല്‍പ്പറ്റ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. A. T.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാന്‍ കാദിരി,ലവ്‌ലി അഗസ്റ്റിൻ,അഡ്വ. എസ് എ നസീർ, സി ഡി സുനീഷ്, കെ ഐ വർഗീസ്,എം മുഹമ്മദ്, സി കെ സിറാജുദീൻ, എം ഉമ്മർ, എൽദോ ഫിലിപ്പ്,ഷംന നസീർ, ഡോ. അനിത നിഷ ദേവസ്യ എന്നിവര്‍ സംസാരിച്ചു.