പോപ്പുലർഫ്രണ്ടിന് അനുകൂലമായ സംസ്ഥാന സർക്കാർ സത്യവാങ്മൂലം:കേരളം കനത്തവില നൽകേണ്ടി വരും:കെ.സുരേന്ദ്രൻ

കൽപ്പറ്റ : പോപ്പുലർഫ്രണ്ടിന് അനുകൂലമായ സംസ്ഥാന സർക്കാരിൻ്റെ സുപ്രീംകോടതിയിലെ സത്യവാങ്മൂലത്തിന് കേരളം കനത്തവില നൽകേണ്ടി വരുമെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളായ പോപ്പുലർഫ്രണ്ടുകാർക്ക് വധശിക്ഷ നൽകിയാൽ അത് എങ്ങനെയാണ് കേരളത്തിൻ്റെ സമാധാനം ഇല്ലാതാകുകയെന്ന് സർക്കാർ വ്യക്തമാക്കണം. കേന്ദ്രസർക്കാർ നിരോധിച്ച ഭീകരസംഘടനയായ പോപ്പുലർഫ്രണ്ടിനെ എന്തിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ ന്യായീകരിക്കുന്നത്.
സംസ്ഥാന സർക്കാർ പൂർണ്ണമായും തീവ്രവാദികൾക്ക് കീഴടങ്ങിയെന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. ബഹുമാനപ്പെട്ട സുപ്രിം കോടതിയിൽ പോലും ഇത്തരം നഗ്നമായ മതതീവ്രവാദ പ്രീണനം നടത്താൻ പിണറായി സർക്കാർ ധൈര്യം കാണിച്ചിരിക്കുകയാണ്. പിഎഫ്ഐ അഭ്യുദയകാംക്ഷി ആയ കേരള സർക്കാരിന്റെ സുപ്രിംകോടതിയിലെ അഭിഭാഷകനാണ് ഇത് ഫയൽ ചെയ്തിരിക്കുന്നത്.
ആലപ്പുഴ വയലാറിൽ നന്ദു എന്ന യുവാവിനെ പോപ്പുലർഫ്രണ്ട് തീവ്രവാദികൾ കൊല ചെയ്തപ്പോൾ ഒരു നടപടിയും എടുക്കാത്തവരാണ് പിണറായി സർക്കാർ. അവിലും മലരും കരുതിക്കോ കുന്തരിക്കം കരുതിക്കോ എന്ന ഹൈന്ദവ- ക്രിസ്ത്യൻ ഉന്മൂലന മുദ്രാവാക്യം കൊച്ചുകുട്ടിയെ കൊണ്ട് പിഎഫ്ഐക്കാർ വിളിപ്പിച്ചപ്പോഴും സർക്കാർ നിഷ്‌ക്രിയമായിരുന്നു. ആർഎസ്എസ്സിനെ ബാലൻസ് ചെയ്ത് പോപ്പുലർഫ്രണ്ടിനെ സംരക്ഷിക്കാമെന്നത് പിണറായി വിജയൻ്റെ വ്യാമോഹം മാത്രമാണ്. സർക്കാരിൻ്റെ തീവ്രവാദ അനുകൂല നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാവുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *