കല്‍പ്പറ്റ : വനം-വന്യജീവി വകുപ്പില്‍ കണ്ട്രോളിംഗ് ആന്‍ഡ് എക്സിക്യുട്ടീവ് ഓഫീസര്‍മാരുടെയും വന സംരക്ഷണ വിഭാഗം ജീവനക്കാരുടെയും പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു. ഭരണവിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സമര്‍പ്പിച്ച ശിപാര്‍ശകള്‍ പരിശോധിച്ചാണ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായത്.മാനദണ്ഡപ്രകാരം പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി എല്ലാ വര്‍ഷവും ഫെബ്രുവരി 15 ആയിരിക്കും. ഓരോ തസ്തികയിലും അപേക്ഷിക്കുന്നതിന് ആവശ്യമായ സര്‍വീസ് കാലാവധി ഏപ്രില്‍ 30 അടിസ്ഥാനമാക്കി കണക്കാക്കും. എല്ലാ വര്‍ഷവും ഏപ്രില്‍ 30ന് മുമ്പ് പൊതുസ്ഥലംമാറ്റം പൂര്‍ത്തിയാക്കും. ജീവനക്കാരുടെ ഇലക്ട്രോണിക് ഡാറ്റാ ബാങ്ക് ഡിഡിഒമാര്‍ ജനുവരി 31നു മുമ്പ് അപ്ഡേറ്റ് ചെയ്യണം. പൂര്‍ണമായും ഓണ്‍ലൈനിലാണ് പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിക്കുക. വനസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിച്ചും നിലവിലുള്ളതും മുമ്പ് നേരിട്ടതുമായ അച്ചടക്ക-ശിക്ഷാ നടപടികളും ബന്ധപ്പെട്ട വിഭാഗങ്ങളിലെ പിസിസിഎഫ്-എപിസിസിഎഫ്മാരുടെ അഭിപ്രായവും പരിഗണിച്ചാണ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരുടെ കരട്-അന്തിമ സ്ഥലംമാറ്റപ്പട്ടിക പ്രസിദ്ധപ്പെടുത്തുക. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍ പൊതുസ്ഥലംമാറ്റ അപേക്ഷകള്‍ ഓണ്‍ലൈനില്‍ സ്വീകരിക്കുന്നതും കരട്-അന്തിമ പട്ടികകള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നതും ഭരണവിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ചുമതലപ്പെടുത്തുന്ന ടെറിറ്റോറിയല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആയിരിക്കും.
ഫോറസ്റ്റ് ഡ്രൈവര്‍ ഗ്രേഡ്-1, സീനിയര്‍ ഗ്രേഡ്, സെലക്ഷന് ഗ്രേഡ്, ഗ്രേഡ്-2 പൊതുസ്ഥലംമാറ്റം നിയമനാധികാരികളായ ടെറിറ്റോറിയല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍-എപിസിസിഎഫ്(ഭരണം) അല്ലെങ്കില്‍ സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ നടത്തും. ഗ്രേഡ്-2 തസ്തികയില്‍ ഫോറസ്റ്റ് ഡ്രൈവര്‍മാരുടെ സ്ഥലംമാറ്റം ജില്ലാ അടിസ്ഥാനത്തിലായിരിക്കും. ഹെഡ്ക്വാര്‍ട്ടര്‍ വേക്കന്‍സിയില്‍ നിയമിതരാകുന്ന ഗ്രേഡ്-2 ഡ്രൈവര്‍മാര്‍ക്ക് പൊതുസ്ഥലംമാറ്റം ബാധകമല്ല. വനം വകുപ്പ് ആസ്ഥാനത്തെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പൊതുസ്ഥലംമാറ്റം തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറും സെക് ഷന് ഫോറസ്റ്റ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റം കൊല്ലം സതേണ്‍ സര്‍ക്കിള്‍ സിസിഎഫും നടത്തും.ഡെപ്യൂട്ടി ഡയറക്ടര്‍(വൈല്‍ഡ് ലൈഫ് എഡ്യുക്കേഷന്‍), റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് തസ്തികകളില്‍ പൊതുസ്ഥലംമാറ്റ അപേക്ഷകള്‍ പൊതുസ്ഥലംമാറ്റ അപേക്ഷകള്‍ ഓണ്‍ലൈനില്‍ സ്വീകരിക്കുന്നതും കരട്-അന്തിമ പട്ടിക പ്രസിദ്ധപ്പെടുത്തുന്നതും ഭരണവിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആയിരിക്കും.ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍(നോണ്‍ കേഡര്‍), അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ തസ്തികകളില്‍ ലഭ്യമായ അപേക്ഷകള്‍ ഭരണവിഭാഗം എപിസിസിഎഫ് ശിപാര്‍ശ സഹിതം സര്‍ക്കാരിന് സമര്‍പ്പിക്കണം. ഇത് പരിശോധിച്ച് പൊതുസ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിക്കും. ആര്‍ആര്‍ടി, ഐടി സെല്‍, തിരുവനന്തപുരം ഫോറസ്റ്റ് കണ്ട്രോള് റൂം, എഫ്ഐസി, മീഡിയ സെല്‍ എന്നിവിടങ്ങളില്‍ നിയമനത്തിന് വകുപ്പ് തയാറാക്കുന്ന പ്രത്യക നിബന്ധനകള്‍ ബാധകമാണ്. അടിയന്തര സാഹചര്യങ്ങളില്‍ ജീവനക്കാരെ സ്ഥലംമാറ്റുന്നതിന് പൊതുസ്ഥലംമാറ്റത്തിന്റെ നിബന്ധനകള്‍ ബാധകമായിരിക്കില്ല.പ്രത്യേക സാഹചര്യംമൂലം ഏപ്രില്‍ 30ന് മുമ്പ് പൊതുസ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആ ഉത്തരവില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഏപ്രില്‍ 30 മുതല്‍ രണ്ട്, മൂന്ന് വര്‍ഷം കണക്കാക്കി പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കുന്നതിന് യോഗ്യതയുണ്ടാകും.പൊതുസ്ഥലംമാറ്റത്തിന് സര്‍ക്കാരും വകുപ്പും പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കി എല്ലാ വര്‍ഷവും ക്യൂ ലിസ്റ്റുകള്‍ തയാറാക്കണം. പ്രത്യേക മുന്‍ഗണനകള്‍, അനുകമ്പാര്‍ഹമായ കാരണങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി സ്ഥലംമാറ്റത്തിന് അര്‍ഹത നേടുന്നവരുടെ ക്യൂ ലിസ്റ്റുകള്‍ ഓണ്‍ലൈന്‍ സോഫ്റ്റ്വേര്‍ മുഖേന പ്രത്യേകം പ്രസിദ്ധപ്പെടുത്തും. ഭരണപരമായ സാഹചര്യം ഒഴികെ മറ്റ് അപേക്ഷകള്‍ ക്യൂ ലിസ്റ്റിലെ അപേക്ഷകള്ക്കുശേഷമേ പരിഗണിക്കൂ.