കൽപ്പറ്റ : ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പ്രാദേശിക ഭരണകൂടങ്ങളാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ നട്ടെല്ലായി നിലകൊള്ളുന്നതെന്ന് കർണാടക ആഭ്യന്തര വകുപ്പ് മുൻ മന്ത്രിയും സ്കൗട്ട്സ് ചീഫ് കമ്മീഷ്ണറുമായ പി.ജി.ആർ സിന്ധ്യ അഭിപ്രായപ്പെട്ടു.ജുനൈദ് കൈപ്പാണി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ചുമതലയേറ്റെടുത്തതിന്റെ നാലാം വാർഷിക പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം. വയനാട് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കേക്ക് മുറിച്ചും ജുനൈദ് കൈപ്പാണിയെ പൊന്നാടയണിയിച്ചും പി.ജി.ആർ സിന്ധ്യ പങ്കാളിയായി.വികേന്ദ്രീകൃത ആസൂത്രണത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും രാജ്യത്തെ പൊതുഭരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്നാണ് തദ്ദേശ സംവിധാനം.വിഭവങ്ങൾ, ഉദ്യോഗസ്ഥ സംവിധാനം, ഭരണപരമായ അധികാരങ്ങൾ എന്നിവയുടെ കൃത്യമായ കൈമാറ്റത്തിലൂടെ മാത്രമേ പ്രാദേശിക സർക്കാരുകൾ അർത്ഥപൂർണമായി ശാക്തീകരിക്കപ്പെടുകയുള്ളുവെന്നും പി.ജി.ആർ സിന്ധ്യ പറഞ്ഞു.
