മെഡിക്കല്‍ ലാബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം നാളെ തുടങ്ങും

മെഡിക്കല്‍ ലാബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം നാളെ തുടങ്ങും

കൽപ്പറ്റ : മെഡിക്കല്‍ ലാബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 23,24 തീയതികളില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ ചേരും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എസ്. വിജയന്‍ പിള്ള, വൈസ് പ്രസിഡന്റ് ഷാജി പുഴക്കുനി, ജനറല്‍ സെക്രട്ടറി പി.കെ. രതീഷ്‌കുമാര്‍, ട്രഷറര്‍ ആര്‍. ജോയിദാസ്, ജില്ലാ പ്രസിഡന്റ് പി.എസ്. വിജയന്‍, സെക്രട്ടറി പ്രതാപ് വാസു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.23ന് രാവിലെ 10ന് സംസ്ഥാന കൗണ്‍സില്‍ യോഗവും സംഘടനാതെരഞ്ഞെടുപ്പും നടക്കും. 24ന് രാവിലെ 10ന് സംസ്ഥാന സമ്മേളനവും ജനറല്‍ ബോഡി യോഗവും പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സാംസ്‌കാരിക, സാമൂഹിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. അസോസിയേഷന്‍ അംഗങ്ങളില്‍ 700 പേര്‍ പ്രഥമ ദിനത്തിലും 4,000 പേര്‍ രണ്ടാം ദിനത്തിലും പരിപാടികളില്‍ പങ്കെടുക്കും.കോര്‍പറേറ്റ് കടന്നുകയറ്റം സംസ്ഥാനത്ത് ചെറുകിട, ഇടത്തരം ലാബോറട്ടറികളെ പ്രതിസന്ധിയിലാക്കുകയാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. സ്വാകര്യ ലാബോറട്ടികള്‍ക്കു സമീപം കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ഫ്രാഞ്ചൈസികള്‍ അനുവദിക്കുകയും കലക്ഷന്‍ സെന്ററുകള്‍ തുടങ്ങുകയുമാണ്. നിലവില്‍ സാധാരണ ലാബ് പരിശോധനകള്‍ക്ക് കോര്‍പറേറ്റ് സ്ഥാനപനങ്ങള്‍ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. ചെറുകിട, ഇടത്തരം ലാബോറട്ടറികളെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇത് കൈവരിക്കാനായാല്‍ ലബോറട്ടറി മേഖല കുത്തകകളുടെ പിടിയില്‍ അമരും. പരിശോധനകള്‍ക്ക് അവര്‍ നിശ്ചയിക്കുന്ന നിരക്ക് നല്‍കേണ്ട സ്ഥിതി സംജാതമാകും. ഇപ്പോള്‍ത്തന്നെ പ്രത്യേക പരിശോധനകള്‍ക്ക് വലിയ നിരക്കാണ് കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ഈടാക്കുന്നത്.ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലെ വ്യവസ്ഥകള്‍ ചെറുകിട, ഇടത്തരം ലാബോറട്ടറികളുടെ സുഗമമായ പ്രവര്‍ത്തനത്തിന് വിഘാതമാകുകയാണ്. കേന്ദ്ര നിയമത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്ത് നിയമം നടപ്പാക്കിയതും ചട്ടങ്ങള്‍ കൊണ്ടുവന്നതും. നിയമപ്രകാരം ബാധകമാക്കിയ മിനിമം നിലവാരം ചെറുകിട ലാബുകളുടെ പ്രവര്‍ത്തനത്തിനു ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ലെവല്‍ ടു ലാബോറട്ടറികളില്‍ ഡോക്ടറുടെ സാന്നിധ്യം നിര്‍ബന്ധമാക്കുന്നത് പ്രായോഗികമല്ല. ചട്ടങ്ങളില്‍ ഇളവ് അനുവദിക്കുന്നതിന് ആരോഗ്യ മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. ഇക്കാര്യങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *