കല്പറ്റ : വയനാട് പാർലമെന്റ് ഉപാതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി എ. ഐ. സി. സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഈ വരുന്ന 23 ന് നാമനിർദ്ദേശക പത്രിക സമർപ്പിക്കും. ലോകസഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എം. പി. യുമായ രാഹുൽ ഗാന്ധിയോടൊപ്പം റോഡ്ഷോയിൽ പങ്കെടുത്ത ശേഷമാവും വയനാട് കലക്ടറേറ്റിൽ വരണാധികാരിയായ ജില്ലാ കളക്ടർക്ക് മുന്നിൽ പത്രിക സമർപ്പിക്കുകയെന്ന് വയനാട് പാർലമെന്റ് തിരഞ്ഞെടുപ്പ് സമിതി കൺവീനർ എ.പി. അനിൽ കുമാർ എം.എൽ.എ. പറഞ്ഞു. യു.ഡി.എഫിന്റെ നിയോജകമണ്ഡലം കൺവെൻഷനുകൾ ശനിയാഴ്ചയോടെ പൂർത്തിയാവും. പഞ്ചായത്ത് തല കൺവൻഷനുകൾ ചൊവ്വാഴ്ചയോടെ പൂർത്തീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് സമിതി കോർഡിനേറ്റർ കൂടിയായ ടി. സിദ്ദിഖ് എം.എൽ.എ. പറഞ്ഞു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., തിരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷറർ എൻ.ഡി. അപ്പച്ചൻ,ടി. ഉബൈദുള്ള എം.എൽ.എ, യു. ഡി. എഫ്. ജില്ലാ കൺവീനർ പി. ടി. ഗോപാലക്കുറുപ്പ്, യു. ഡി. എഫ്. ജില്ലാ ചെയർമാൻ ടി. മുഹമ്മദ്, . തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.