കല്‍പ്പറ്റ: കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ കാരണം കേന്ദ്ര-കേരള സര്‍ക്കാരുകളുടെ നിസംഗതയാണെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എം എല്‍ എ. യു ഡി എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിയുടെ പ്രചരണാര്‍ത്ഥം കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ മൂപ്പൈനാട്, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലെ വാഹനപ്രചരണജാഥക്ക് തുടക്കം കുറിച്ചുകൊണ്ട് വടുവഞ്ചാലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രവും കേരളവും ഭരിക്കുന്ന സര്‍ക്കാരുകള്‍ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളാന്‍ തയ്യാറാവുന്നില്ല. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ രണ്ട് സര്‍ക്കാരുകളും കണ്ടില്ലെന്ന് നടിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളിയെന്നും, സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത് അതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ഗാന്ധി ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകും. വയനാട്ടിലെ ജനങ്ങള്‍ക്ക് അദ്ദേഹത്തിന് വോട്ട് ചെയ്യാനുള്ള അസുലഭമായ സൗഭാഗമാണ് കൈവന്നിരിക്കുന്നതെന്നും എല്ലാവരും അതുപയോഗപ്പെടുത്തണമെന്നും സതീശന്‍ പറഞ്ഞു. യു ഡി എഫ് ചെയര്‍മാന്‍ പി പി എ കരീം ജാഥ ഉദ്ഘാടനം ചെയ്തു. ബാപ്പൂട്ടി അധ്യക്ഷനായിരുന്നു. പി പി ആലി, റസാഖ് കല്‍പ്പറ്റ, ടി ജെ ഐസക്, ആര്‍ ഉണ്ണികൃഷ്ണന്‍, യഹ്യാഖാന്‍ തലയ്ക്കല്‍, പി കെ അനില്‍കുമാര്‍, ഗോകുല്‍ദാസ് കോട്ടയില്‍, ജഷീര്‍ പള്ളിവയല്‍, റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *

*