• admin

  • January 31 , 2021

തിരുവനന്തപുരം : പുതുക്കിയ മദ്യ വില സംസ്ഥാനത്ത് നാളെ മുതല്‍ പ്രാബല്യത്തില്‍. അടിസ്ഥാന വിലയില്‍ ഏഴ് ശതമാനം വര്‍ധന വരുത്തിയതോടെ പത്തു രൂപ മുതല്‍ 90 രൂപ വരെയാകും മദ്യത്തിന് വില വര്‍ധിക്കുക. ഫെബ്രുവരി ഒന്നു മുതലാണ് വില വര്‍ധന പ്രാബല്യത്തില്‍ വരുന്നതെങ്കിലും ഒന്നാം തീയതി ഡ്രൈ ആയതിനാല്‍ ചൊവ്വാഴ്ച മുതലാകും ഫലത്തില്‍ നടപ്പിലാകുക. ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനം എടുക്കും. മദ്യക്കമ്ബനികളുടെ ഏറെ നാളത്തെ ആവശ്യത്തിനൊടുവിലാണ് ഏഴ് ശതമാനം വര്‍ധന വരുത്താനുള്ള സര്‍ക്കാര്‍ തീരുമാനം. പ്ലാസ്റ്റിക് കുപ്പിയില്‍ നിന്നു ഘട്ടം ഘട്ടമായി ചില്ലു കുപ്പിയിലേക്ക് മാറുന്നതിന്‍റെ ഭാഗമായി 750 മില്ലി ലിറ്റര്‍ മദ്യം ഇനി ചില്ലു കുപ്പിയിലായിരിക്കും ലഭിക്കുക. മാത്രമല്ല ഒന്നര ലിറ്ററിന്‍റെയും രണ്ടര ലിറ്ററിന്‍റെയും മദ്യവും ഔട്‌ലെറ്റുകളിലെത്തും. ഓള്‍ഡ് പോര്‍ട് റം അഥവാ ഒപിആറിന്‍റെ 660 രൂപ വിലയുള്ള ഒരു ലിറ്റര്‍ മദ്യത്തിന് ഇനി മുതല്‍ 710 രൂപ നല്‍കേണ്ടി വരും. 560 രൂപയായിരുന്ന ജവാന് 600 രൂപയും നല്‍കണം. എംഎച്ച്‌ ബ്രാന്‍ഡിയ്ക്ക് 950 ല്‍ നിന്നും 1020 ആയും ഓള്‍ഡ് മങ്ക് ലെജന്‍ഡിനു 2020 ല്‍ നിന്നും 2110 ആയും വില വര്‍ധിക്കും. ഇതുപോലെ മദ്യത്തിന്‍റെ ഇനമനുസരിച്ചാണ് വര്‍ധന.