സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ സര്‍ക്കാരിനൊപ്പം 
നിക്ഷേപിക്കാന്‍ സെബി അംഗീകൃത ഫണ്ടുകള്‍ക്ക് അവസരം

കൊച്ചി: ദേശീയ ശ്രദ്ധ നേടിയ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപത്തിനു വഴി തെളിച്ച ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയനുസരിച്ച്  കേരള സര്‍ക്കാര്‍ വീണ്ടും നിക്ഷേപത്തിന് അപേക്ഷ ക്ഷണിച്ചു. 

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ സര്‍ക്കാരിനൊപ്പം നിക്ഷേപം നടത്താനും സ്റ്റാര്‍ട്ടപ് അന്തരീക്ഷം പ്രോത്സാഹിപ്പിക്കാനും  സെബി അംഗീകൃത പ്രത്യേക നിക്ഷേപക ഫണ്ടുകളില്‍ (എഐഎഫ്) നിന്നാണ്  അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

കേരള സര്‍ക്കാരിന്‍റെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കുള്ള നോഡല്‍ ഏജന്‍സിയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ്യുഎം)
https://startupmission.kerala.gov.in/programs/fof/ വഴി അപേക്ഷ സ്വീകരിക്കും.

താത്പര്യമുള്ള എഐഎഫുകള്‍ക്ക് തങ്ങളുടെ യോഗ്യതയും മറ്റ് വിശദാംശങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ട് താത്പര്യപത്രം നവംബര്‍ 30 ന് മുമ്പ് സമര്‍പ്പിക്കാവുന്നതാണ്. ഡിസംബര്‍ 29ന് ഫലം പ്രഖ്യാപിക്കും.

സ്റ്റാര്‍ട്ടപ്പുകളില്‍ കേരള സര്‍ക്കാര്‍ നിക്ഷേപിക്കുന്ന തുക, ആകെ പദ്ധതിയുടെയോ അല്ലെങ്കില്‍ എഐഎഫ് ഫണ്ടിന്‍റെയോ 25 ശതമാനമായിരിക്കും.  2014 ല്‍ പ്രഖ്യാപിച്ച കേരള ടെക്നോളജി സ്റ്റാര്‍ട്ടപ്പ് നയത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍  രൂപീകരിച്ച  കേരള സ്റ്റാര്‍ട്ടപ്പ് കോര്‍പ്പസ് ഫണ്ടില്‍നിന്നായിരിക്കും ഈ നിക്ഷേപം.  രാജ്യത്ത് ആദ്യമായാണ് ഏതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇത്തരം ഫണ്ടിന് രൂപം നല്‍കിയത്.  സെബി അംഗീകൃത എഐഎഫുകളായ യൂണികോണ്‍ വെന്‍ച്വേഴ്സ് ഇന്ത്യ, എസ്ഇഎ ഫണ്ട് എന്നിവയുടെ സഹകരണത്തോടെ 25 കോടി രൂപ അന്ന് സമാഹരിച്ചിരുന്നു. ഇതില്‍ 12.5 കോടി രൂപ സംസ്ഥാന സര്‍ക്കാരും ബാക്കി തുക രണ്ട് എഐഎഫുകളുമാണ് നിക്ഷേപിച്ചത്.

അഴുക്കുചാലുകള്‍ വൃത്തിയാക്കുന്ന ബാന്‍ഡിക്കൂട്ട് റോബോട്ടുകളെ നിര്‍മ്മിച്ച ജന്‍റോബോട്ടിക്സ് ഉള്‍പ്പെടെ ഏഴ് കമ്പനികള്‍ക്കാണ് തുടങ്ങി നാല് മാസത്തിനുള്ളില്‍ തന്നെ കേരള സ്റ്റാര്‍ട്ടപ്പ് കോര്‍പ്പസ് ഫണ്ടില്‍ നിന്നും ധനസഹായം ലഭിച്ചിട്ടുള്ളത്. അര്‍ഹതപ്പെട്ട എഐഎഫുകള്‍ക്ക് ഇനിയും സാമ്പത്തിക നിക്ഷേപം നല്‍കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.

വളര്‍ന്നു വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമായി വെഞ്ച്വര്‍ നിക്ഷേപത്തിലൂടെ അധിക ധനസഹായം അര്‍ഹതപ്പെട്ട എഐഎഫുകളിലൂടെ നല്‍കാനാണ് സര്‍ക്കാര്‍ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപങ്ങള്‍ക്കുള്ള ഏറ്റവും വലിയ സ്രോതസ്സ് എഐഎഫ് നിക്ഷേപങ്ങളാണ്. കേരളത്തെ സ്റ്റാര്‍ട്ടപ്പ് കണ്ടുപിടുത്തങ്ങളുടെ കേന്ദ്രമാക്കി മാറ്റുക എന്ന സര്‍ക്കാരിന്‍റെ ലക്ഷ്യത്തിന് ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കാസര്‍കോഡ് എന്നിവടങ്ങളിലെ അഞ്ച് ഇന്‍കുബേറ്ററുകളിലായി  200 ലധികം സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇതു കൂടാതെ സ്വകാര്യ-പൊതുമേഖലയിലുള്ള ഇന്‍കുബേഷന്‍ സംവിധാനങ്ങളിലായി 200 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ വേറെയുമുണ്ട്. പുത്തന്‍ കണ്ടുപിടുത്തങ്ങളും സേവനങ്ങളും പ്രദാനം ചെയ്യുന്ന 1500 ലധികം സജീവ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളാണ് സംസ്ഥാനത്ത് ഇന്നുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

*