• admin

  • January 22 , 2021

തിരുവനന്തപുരം : വാഹനങ്ങളിൽ കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള കൂളിങ് ഫിലിമും കർട്ടനും നീക്കാനായി മോട്ടോർ വാഹനവകുപ്പ് ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിൽ ആരംഭിച്ച പരിശോധന നിർത്തി. റോഡ് ഗതാഗത നിയമ ലംഘനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉദ്യോഗസ്ഥർക്ക് ഗതാഗത കമ്മീഷണർ നിർദേശം നൽകി. സംസ്ഥാനത്തെ വാഹനങ്ങളിലെ കൂളിങ് ഫിലിമും കർട്ടനുകളും കണ്ടെത്താൻ ഫെബ്രുവരി 17 മുതൽ ആരംഭിച്ച പരിശോധനകളാണ് മോട്ടോർ വാഹന വകുപ്പ് നിർത്തുന്നത്. ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിൽ പ്രത്യേക പരിശോധന ഉണ്ടാവില്ലെങ്കിലും വാഹന ഗ്ലാസുകളിലെ സ്റ്റിക്കറുകൾക്കും കർട്ടനുകൾക്കും എതിരെ നടപടി തുടരും. വാട്സാപ്പിലൂടെയാണ് ഗതാഗത കമ്മീഷണർ പരിശോധന നിർത്താൻ ഉദ്യോഗസ്ഥർക്ക് നിർദേരം നൽകിയത്. ‘റോഡ് സുരക്ഷാ മാസം’ എന്ന പ്രത്യേക പേരിൽ പരിശോധനകൾക്കും പ്രചാരണങ്ങൾക്കും തുടക്കമാകുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം. കോടതി നിർദേശ പ്രകാരമാണ് സംസ്ഥാനത്ത് ഓപ്പറഷൻ സ്ക്രീൻ എന്ന പേരിൽ കർശന വാഹന പരിശോധന തുടങ്ങിയത്. പരിശോധനയിൽ ഇതുവരെ അയ്യായിരത്തോളം വാഹനങ്ങൾക്ക് പിഴയിട്ടു. ഓപ്പറേഷൻ സ്ക്രീൻ ആരംഭിച്ചതോടെ മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കുമടക്കം വാഹനങ്ങളിലെ കർട്ടൻ നീക്കം ചെയ്യേണ്ടി വന്നു.