ബിഗ് ബോസില്‍ നിന്നും നൂറ് ദിവസം കഴിഞ്ഞ് പുറത്തിറങ്ങിയവര്‍ക്കെല്ലാം പുറത്ത് നിരവധി സര്‍പ്രൈസുകളായിരുന്നു കാത്തിരുന്നത്. അരിസ്റ്റോ സുരേഷിന്റെ ഏറ്റവും വലിയ പേടി പുറത്ത് വന്നാല്‍ തന്നെ എല്ലാവരും കുറ്റപ്പെടുത്തുമോ തനിക്ക് സിനിമകള്‍ ലഭിക്കുമോ എന്നതൊക്കിയായിരുന്നു. ഒടുവില്‍ കോളമ്ബി എന്ന സിനിമയിലൂടെ അരിസ്‌റ്റോ സുരേഷ് നായകനായി അഭിനയിക്കുകയാണ്. ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ നിന്നുമായിരുന്നു സിനിമയുടെ അനൗണ്‍സ്‌മെന്റ്.

ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളമ്ബി എന്ന സിനിമയിലൂടെയാണ് സുരേഷ് നായകനാവുന്നത്. തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയ്ക്ക് ശേഷം ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സിനിമയില്‍ നിന്നും ഇടവേള എടുത്ത ടികെ രാജീവ് കുമാര്‍ കോളമ്ബിയിലൂടെ തിരിച്ച്‌ വരികയാണ്. നിത്യ മേനോനാണ് സിനിമയിലെ നായിക. ഒപ്പം രഞ്ജി പണിക്കര്‍, രോഹിണി, ദിലീഷ് പോത്തന്‍, എന്നിവരും സിനിമയിലുണ്ട്.

കോളമ്ബിയുടെ ഓദ്യോഗിക സോഷ്യല്‍ മീഡിയ പേജ് മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ സാബു സിറില്‍ എന്നിവര്‍ ചേര്‍ന്ന് ലോഞ്ച് ചെയ്തിരിക്കുകയാണ്. ചടങ്ങിന്റെ ചിത്രമുള്‍പ്പെടെ പങ്കുവെച്ച്‌ കൊണ്ട് മോഹന്‍ലാല്‍ തന്നെ ഇക്കാര്യം പുറത്ത് വിട്ടിരിക്കുകയാണ്. ആര്‍ട്ട് ഡയറക്ടറായി സാബു സിറിലും കോളമ്ബിയില്‍ ഉണ്ടാവും. മാത്രമല്ല റസൂല്‍ പൂക്കൂട്ടിയാണ് സിനിമയ്ക്ക് സൗണ്ട് ഡിസൈന്‍ ചെയ്യുന്നത്. പ്രമുഖ ഛായാഗ്രാഹകനായ രവി വര്‍മ്മനാണ് സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ വരുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

*