വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന മിഠായിത്തെരുവ്  എന്ന ചിത്രത്തിലൂടെ മറ്റൊരു പുതുമുഖ നായിക കൂടി മലയാളത്തിലേക്ക് എത്തുന്നു.  രതീഷ് രഘുനന്ദൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചെങ്ങന്നൂർ സ്വദേശിനിയായ സെബ മറിയം കോശി ആണ് നായികയാകുന്നത്.  മുംബൈ സുഭാഷ് ഖായി സ്‌കൂളിൽ നിന്നും ഫിലിം മേക്കിങ് പഠിച്ചിറങ്ങിയ സെബ ഇതിനോടകം രണ്ടു തെലുങ്കു ചിത്രങ്ങൾക്ക് തിരക്കഥ എഴുതിക്കഴിഞ്ഞു.  രണ്ടു ചിത്രങ്ങളിലും സെബ തന്നെയായിരുന്നു നായിക.
മലയാളത്തിൽ സെബയുടെ ആദ്യ സിനിമയാകും മിഠായിത്തെരുവ്.
മിഠായിത്തെരുവിൽ ശക്തമായ കഥാപാത്രത്തെയാണ് സെബ അവതരിപ്പിക്കുന്നത്.  തിരക്കഥയും സംവിധാനവുമാണ് സെബയുടെ മേഖലയെങ്കിലും കഥ കേട്ട് ഇഷ്ട്ടപെട്ടതോടെയാണ് മിഠായിത്തെരുവിൽ നായികയാകാൻ തീരുമാനിച്ചത്.  ബഹ്‌റിനിൽ ജനിച്ചു വളർന്ന സെബ മറിയം കോശി ഹൈദരാബാദിലാണ് സ്ഥിര താമസം.
വൻ താരനിരയുമായാണ് മിഠായിത്തെരുവ് അണിയറയിൽ ഒരുങ്ങുന്നത്.  വിഷ്ണു ഉണ്ണികൃഷ്ണൻ,  ശ്രീനിവാസൻ എന്നിവർക്ക് പുറമെ ഹരീഷ് കണാരൻ, ധർമജൻ, രമേശ് പിഷാരടി, സുരഭി, അരുൺ പുനലൂർ തുടങ്ങിയവർ ചിത്രത്തിലുണ്ട്.  മുൻ സ്വഭാവ നടി ഉഷയുടെ തിരിച്ചു വരവ് ചിത്രം കൂടിയാകും മിഠായിത്തെരുവ്.  വളരെ പ്രധാനപ്പെട്ട വേഷമാണ് ഉഷക്ക് മിഠായിത്തെരുവിൽ.  ബി ടി അനിൽകുമാർ തിരക്കഥ എഴുതുന്ന ചിത്രം നിർമ്മിക്കുന്നത്  ഹസീബ് ഹനീഫ്, അജി മേടയിൽ, നൗഷാദ് ആലത്തൂർ എന്നിവരാണ്.  ഛായാഗ്രഹണം സമീർ ഹഖ്.  സംഗീതം സുമേഷ് പരമേശ്വർ. എഡിറ്റർ നിഷാദ്.

Leave a Reply

Your email address will not be published. Required fields are marked *

*