കൊച്ചി ബ്ലൂ ടൈഗേഴ്സിനെ നയിക്കാൻ സാംസൺ സഹോദരന്മാ‍ർ

കൊച്ചി ബ്ലൂ ടൈഗേഴ്സിനെ നയിക്കാൻ സാംസൺ സഹോദരന്മാ‍ർ

കൊച്ചി : കേരള ക്രിക്കറ്റ് ലീഗിൻ്റെ രണ്ടാം സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ സാലി സാംസൺ നയിക്കും. സാലിയുടെ സഹോദരനും ഇന്ത്യൻ താരവുമായ സഞ്ജു സാംസനാണ് വൈസ് ക്യാപ്റ്റൻ. ടീമിൻ്റെ ഉടമയായ സുഭാഷ് ജി മാനുവലാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. രണ്ട് സഹോദരന്മാർ, ഒരു ലക്ഷ്യം. പുതിയൊരു ചരിത്രത്തിന് കളമൊരുങ്ങുകയാണ്. പോരാട്ടം തുടങ്ങുകയായി. രണ്ടാം സീസണിൽ നീലക്കടുവകളുടെ ഗർജ്ജനം മുൻപത്തേക്കാൾ ഉയർന്നു കേൾക്കാൻ കഴിയുമെന്നും പോസ്റ്റിലുണ്ട്.

കേരള ക്രിക്കറ്റിൽ വ‍ർഷങ്ങളുടെ അനുഭവസമ്പത്തുള്ള താരമാണ് സാലി സാംസൺ. മികച്ച ബാറ്റ‍റായ സാലി കഴിഞ്ഞയാഴ്ച തിരുവനന്തപുരം എ ഡിവിഷൻ ലീഗിൽ ഉജ്ജ്വല സെഞ്ച്വറി കുറിച്ചിരുന്നു. അതിന് തൊട്ടുപിറകെയാണ് കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ ക്യാപ്റ്റനായുള്ള നിയമനം. ഒപ്പം അന്താരാഷ്ട്ര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും പരിചയ സമ്പത്തും തന്ത്രങ്ങളുമായി സഹോദരനായ സഞ്ജു സാംസനുമുണ്ട്. കഴിഞ്ഞ സീസണിലും കൊച്ചിയുടെ താരമായിരുന്നു സാലി സാംസൺ. എന്നാൽ സഞ്ജുവിന് ആദ്യ സീസണിൽ കളിക്കാനായിരുന്നില്ല. രണ്ടാം സീസണിൽ ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള താരമാണ് സഞ്ജു. 26.80 ലക്ഷം രൂപയ്ക്കാണ് സഞ്ജുവിനെ കൊച്ചി ലേലത്തിൽ സ്വന്തമാക്കിയത്.

ലീഗിലെ ഏറ്റവും പ്രായം കൂടിയ താരമായ കെ ജെ രാകേഷ് മുതൽ കൗമാര താരം ജോബിൻ ജോബിയടക്കം പ്രതിഭയും പരിചയസമ്പത്തും ഒരുമിക്കുന്ന കരുത്തുറ്റ ടീമാണ് രണ്ടാം സീസണിൽ കൊച്ചിയുടേത്. അഖിൽ കെ ജി, ആൽഫി ഫ്രാൻസിസ് ജോൺ, മുഹമ്മദ് ആഷിക്, അഫ്രദ് എൻ, വിപുൽ ശക്തി, മുഹമ്മദ് ഷാനു, അജീഷ് കെ, ജെറിൻ പി എസ്, നിഖിൽ തൊട്ടത്ത്, അഖിൻ സത്താർ, ആസിഫ് കെ എം, വിനൂപ് മനോഹരൻ എന്നിവരാണ് ടീമിലെ മറ്റ് താരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *