1,583.85 ഹെക്ടര്‍ ഏകവിളത്തോട്ടം സ്വാഭാവിക വനമാക്കി

കല്‍പ്പറ്റ : നബാര്‍ഡ് സ്‌കീമില്‍ നടപ്പാക്കുന്ന പരിസ്ഥിതി പുനഃസ്ഥാപന പ്രവൃത്തികളുടെഭാഗമായി സംസ്ഥാനത്ത് 1,583.85 ഹെക്ടര്‍ ഏകവിളത്തോട്ടം സ്വാഭാവിക വനമാക്കി. വനം-വന്യജീവി സംരക്ഷണ മന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഈ വിവരം.സംസ്ഥാനത്ത് 5031 ഹെക്ടറില്‍ പരിസ്ഥിതി പുനഃസ്ഥാപന പ്രവൃത്തികള്‍ നടന്നുവരികയാണ്. 27,000 ഹെക്ടര്‍ ഏകവിളത്തോട്ടം 20 വര്‍ഷത്തിനിടെ സ്വാഭാവിക വനമാക്കല്‍ സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനം സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച നയരേഖയില്‍ വിഭാവനം ചെയ്തിട്ടുണ്ട്. വയനാട്ടിലെ വിവിധ വനം ഡിവിഷനുകളിലും പറമ്പിക്കുളം ടൈഗര്‍ റിസര്‍വിലുമുള്ള വയലുകളുടെ പരിപാലനത്തിനും പുനഃസ്ഥാപനത്തിനും നബാര്‍ഡ് വഴി ലഭിച്ച 25 കോടി രൂപയുടെ പ്രവൃത്തികള്‍ പുരോഗതിയിലാണ്.

വയനാട്ടില്‍ ജൈവവൈവിധ്യത്തിന് ഭീഷണിയായ സെന്ന ഉള്‍പ്പെടെ അധിനിവേശ സസ്യങ്ങളെ നിര്‍മാര്‍ജനം ചെയ്യുന്നതിന് നടപടി സ്വീകരിച്ചുവരികയാണ്. നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ 400 ഹെക്ടറില്‍ സെന്ന നശിപ്പിച്ചു. 400 ഹെക്ടറില്‍ സെന്ന നിര്‍മാര്‍ജനം പുരോഗമിക്കുകയാണ്. വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷനില്‍ 5,000 ടണ്‍ സെന്ന(മഞ്ഞക്കൊന്ന)മുറിച്ചുനീക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.വനത്തില്‍ ഭക്ഷണ, കുടിവെള്ള ലഭ്യത ഉറപ്പുവരുത്തി വന്യജീവികളുടെ കാടിറക്കം തടയുന്നതിനു പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിവരികയാണ്. ജലലഭ്യത ഉറപ്പുവരുത്തുന്നതിന് 1434 കുളം-തടയണ, 574 വയല്‍, 308 ഇതര സ്രോതസുകള്‍ എന്നിവ പരിപാലിക്കുന്നുണ്ട്. 2025 ഫെബ്രുവരി ഒന്നു മുതല്‍ ‘മിഷന്‍ ഫുഡ്, ഫോഡര്‍ ആന്‍ഡ് വാട്ടര്‍’ പദ്ധതി ആരംഭിച്ചിട്ടുണ്ട്. സംരക്ഷിത വനമേഖലകളില്‍ പുതിയ പുല്ല് മുളപ്പിക്കുന്നതിന് യോജിച്ച സാഹചര്യങ്ങളില്‍ കണ്‍ട്രോള്‍ ബേണിംഗ് നടത്തുന്നുണ്ട്. വയനാട്ടില്‍ 130 ഓളം വയലുകള്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പരിപാലിക്കുന്നതിന് നടപടി സ്വീകരിച്ചതായും മന്ത്രിയുടെ മറുപടിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *