മാനന്തവാടി : വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിനായി വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ്ജവേലികളുടെ തകരാറുകൾ വനം വകുപ്പിന് സൃഷ്ടിച്ചിരുന്ന തലവേദനയ്ക്ക് ശാശ്വത പരിഹാരമായി.സോളാർ ഫെൻസുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കുകയാണ് വനം വകുപ്പിന്റെ സോളാർ ഫെൻസ് സർവീസ് സെന്റർ. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് തടയുകയും ലക്ഷ്യമിട്ടാണ് സംസ്ഥാനത്തിന്റെ വനാതിർത്തികളിൽ സൗരവേലി സ്ഥാപിക്കുന്നത്.എന്നാൽ വന്യജീവികളുടെ അതിക്രമങ്ങളിലൂടെ സൗരവേലിക്ക് മിക്കപ്പോഴും കേടുപാടുകൾ സംഭവിക്കാറുണ്ട്.പിന്നീട് ഇതിന്റെ അറ്റകുറ്റപ്പണികൾക്കായി വലിയ കാലതാമസം നേരിട്ടിരുന്നു.ഇതിനൊരു പരിഹാരമായിട്ടാണ് മിഷൻ ഫെൻസിങ്ങിന്റെ കീഴിൽ കേരളത്തിലെ ആദ്യത്തെ സോളാർ ഫെൻസ് സർവീസ് സെന്റർ നോർത്ത് വയനാട് ഡിവിഷനിലെ മാനന്തവാടിയിൽ 2025 ഫെബ്രുവരി 20-ന് ആരംഭിച്ചത്.
സാധാരണയായി,എനർജസൈർ (Energizer), ബാറ്ററി,ബാറ്ററി ചാർജർ,ഡി വി എം (DVM) മെഷീൻ തുടങ്ങിയ ഉപകരണങ്ങൾക്ക് ചെറിയ തകരാറുകൾ സംഭവിച്ചാൽപ്പോലും അത് പരിഹരിക്കാൻ ദിവസങ്ങൾ വേണ്ടിവരും.ഇത് സോളാർ ഫെൻസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും വന്യമൃഗങ്ങളെ തടയുന്നതിൽ പരാജയപ്പെടുകയും ചെയ്യും. ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ് മാനന്തവാടിയിൽ മെയ്ന്റനൻസ് സെന്റർ സ്ഥാപിച്ചത്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ Energizer, ബാറ്ററി, DVM മെഷീനുകൾ ഉൾപ്പെടെ 288 എണ്ണം എന്നിവ ഇവിടെ നന്നാക്കി പ്രവർത്തനക്ഷമമാക്കി.കൂടാതെ 87 ബാറ്ററികളും ചാർജ് ചെയ്ത് വീണ്ടും ഉപയോഗപ്രദമാക്കി.നോർത്ത് വയനാട് ഡിവിഷൻ, സൗത്ത് വയനാട് ഡിവിഷൻ,വൈൽഡ് ലൈഫ് ഡിവിഷൻ വയനാട്,കോഴിക്കോട്,കണ്ണൂർ,നിലമ്പൂർ നോർത്ത്,മാങ്കുളം,ആറളം വൈൽഡ് ലൈഫ് ഡിവിഷൻ എന്നിവിടങ്ങളിൽ നിന്നുള്ള ഉപകരണങ്ങളാണ് ഈ സെന്ററിൽ അറ്റകുറ്റപ്പണി നടത്തിയത്.
കേടായ ഉപകരണങ്ങൾ പുറത്തു കൊടുത്ത് നന്നാക്കുന്നതിന് ഏകദേശം 50 ലക്ഷം രൂപ വേണ്ടി വരുന്നിടത്ത് ഒരു ലക്ഷത്തി മുപ്പതിനായിരം (1.3 ലക്ഷം) രൂപയിൽ താഴെ മാത്രമാണ് വകുപ്പിന്റെ സർവ്വീസ് സെന്ററിൽ ചെലവ് വന്നത്.കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കേടായ ഉപകരണങ്ങൾ മാനന്തവാടിയിലെ സർവീസ് സെന്ററിൽ എത്തിച്ച് റിപ്പയർ ചെയ്യാനുള്ള സൗകര്യങ്ങൾ വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്.പാഴ്‌സൽ വഴിയും ഉപകരണങ്ങൾ അയയ്ക്കുന്നതിനുള്ള സംവിധാനങ്ങളും ലഭ്യമാണ്. സർവ്വീസ് സെന്ററിന്റെ പ്രവർത്തനം സോളാർ ഫെൻസുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും വന്യമൃഗങ്ങളിൽ നിന്ന് ജനങ്ങളെ കൂടുതൽ സുരക്ഷിതരാക്കാനും വനം വകുപ്പിന് ഏറെ പ്രയോജനപ്രദമായിരിക്കുകയാണ്.