കൽപ്പറ്റ : കളക്ടറേറ്റിലെ പ്രിൻസിപ്പല്‍ കൃഷി ഓഫീസില്‍ ജീവനക്കാരി ആത്മഹത്യയ്ക്കു ശ്രമിച്ചു. ക്ലാർക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയില്‍ കൈ നരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.ഓഫീസിലെ സഹപ്രവർത്തകന്‍റെ മാനസിക പീഡനമാണ് ആത്മഹത്യ ശ്രമത്തിനു കാരണമെന്നാണ് ആരോപണം.ജോയിന്‍റ് കൗണ്‍സില്‍ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്‍റേണല്‍ കംപ്ലൈന്‍റ് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി നിലനില്‍ക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റി എന്നാണ് ആരോപണം.യുവതിയുടെ പരാതിയില്‍ ഇന്ന് വനിതാ കമ്മീഷൻ സിറ്റിംഗ് ഉണ്ടായിരുന്നു. ഈ സിറ്റിംഗിലും ജീവനക്കാരിയെ മോശമായി ചിത്രീകരിച്ചുവെന്ന് സഹപ്രവർത്തക പറഞ്ഞു. ഇതില്‍ മനംനൊന്താണ് ആത്മഹത്യ ശ്രമമെന്നും ആരോപണം ഉയർന്നു. യുവതിയെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.